ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തെന്ന് വിവാദം; ബിബിസി ഡയറക്ടർ ജനറലും സിഇഒയും രാജിവച്ചു

ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന വിവാദത്തിനു പിന്നാലെ ബിബിസി തലപ്പത്ത് രാജി. ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടർണസുമാണ് രാജിവച്ചത്. ബിബിസി ഡയറക്ടർ ബോർഡ് ഇരുവരുടെയും രാജി തീരുമാനം അംഗീകരിച്ചു.
ബിബിസി പനോരമ ഡോക്യുമെന്ററിയിൽ ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് രാജി. കഴിഞ്ഞ വർഷം സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കൻഡ് ചാൻസ് ഡോക്യുമെന്ററിയിൽ 2021ലെ ക്യാപിറ്റൽ ഹിൽ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ട്രംപിന്റെ രണ്ടു വ്യത്യസ്ത പ്രസംഗങ്ങൾ ചേർത്ത് ഒന്നാക്കിയെന്നായിരുന്നു ആരോപണം.
ഡയറക്ടർ ജനറൽ എന്ന നിലയിൽ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നെന്നും രാജി തീരുമാനം പൂർണമായും തൻ്റേതാണെന്ന് ടിം ഡേവി വ്യക്തമാക്കി. 20 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ടിം ഡേവി ബിബിസി വിടുന്നത്.









0 comments