ബംഗ്ലാദേശിൽ കലാപം; ഷെയ്ഖ് ഹസീനയുടെയും അവാമി ലീഗ് പ്രവർത്തകരുടെയും വീടുകൾക്ക് തീയിട്ടു

ധാക്ക : ബംഗ്ലാദേശിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെടുന്നു. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും അവാമി ലീഗ് പ്രവർത്തകരുടെയും വീടുകൾക്ക് തീവച്ചു. നിലവിൽ ഭരണത്തിലുള്ള ഇടക്കാല സർക്കാരിനെതിരെ നില കൊള്ളാൻ തന്റെ അനുയായികളോട് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയ്ഖ് ഹസീന പറഞ്ഞതിനു പിന്നാലെയായിരുന്നു സംഭവം. ബംഗ്ലാദേശിന്റെ സ്ഥാപക നേതാവും ആദ്യ പ്രധാനമന്ത്രിയുമായിരുന്ന ഷെയ്ഖ് മുജീബുർ റഹ്മാന്റെ വസതിയാണ് ആൾക്കൂട്ടം തകർത്തത്.
ഈ വസതി ഷെയ്ഖ് ഹസീന പിന്നീട് മ്യൂസിയമാക്കി മാറ്റിയിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകർ ആയുധങ്ങളും ക്രെയിനടക്കമുള്ള വാഹനങ്ങളുമായെത്തി കെട്ടിടം ഇടിച്ചു നിരത്തി തീ വയ്ക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കെട്ടിടം ഏറെക്കുറെ പൂർണമായി തകർന്നതിന്റെയും കത്തിയതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മറ്റ് അവാമി ലീഗ് പ്രവർത്തകരുടെ വീടുകൾക്കു നേരെയും ആക്രമണം നടന്നതായി ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 16 ന് രാജ്യവ്യാപകമായി അവാമി ലീഗ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 16 ന് രാജ്യവ്യാപകമായി ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഫെബ്രുവരി 18 ന് രാവിലെ മുതൽ വൈകുന്നേരം വരെ പണിമുടക്ക് നടത്തുമെന്നുമാണ് അറിയിച്ചിരുന്നത്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കും മറ്റ് പാർടി നേതാക്കൾക്കുമെതിരെ അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണൽ ചുമത്തിയ കൊലപാതക കേസുകളും മറ്റ് കുറ്റങ്ങളും പിൻവലിക്കണമെന്നും ഇടക്കാല സർക്കാർ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ വർഷം ആഗസ്ത് 5 ന് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീഴുകയായിരുന്നു. ജൂൺ ആദ്യവാരത്തിൽ വിദ്യാർഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബംഗ്ലാദേശിൽ പൊട്ടിപുറപ്പെടുകയും പിന്നീട് പ്രക്ഷോഭത്തിൽ ഷെയ്‌ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ നിലംപൊത്തുകയുമായിരുന്നു. വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വൻ വിദ്യാർഥി രോഷത്തിനിടയാക്കി. എന്നാൽ ഭരണകക്ഷിയായ അവാമി ലീഗും യുവജനവിഭാഗമായ ഛാത്ര ലീഗും പൊലീസും അതിക്രൂരമായാണ് പ്രക്ഷോഭകരെ നേരിട്ടത്. എന്നാൽ പ്രക്ഷോഭത്തെ അടിച്ചമർത്തിയതിൽ കനത്ത തിരിച്ചടിയാണ് ഹസീന നേരിട്ടത്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്‌ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രി സ്ഥാനം രാജി വച്ച് രാജ്യം വിടേണ്ടി വന്നു. തുടർന്ന് ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു









0 comments