ആണവനിലയ കേസിൽ ഷെയ്‌ഖ് ഹസീനയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് ബംഗ്ലാദേശ്

ധാക്ക > രൂപ്പൂർ ആണവനിലയവമുമായി ബന്ധപ്പെട്ട് 5 ബില്യൺ ഡോളറിന്റെ അഴിമതി നടത്തിയെന്ന ആരോപണത്തിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും കുടുംബത്തിനുമെതിരെ ബംഗ്ലാദേശ് സർക്കാർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. റഷ്യയുടെ പൊതുമേഖലാ കോർപ്പറേഷനായ റോസാറ്റമാണ് ആണവനിലയം നിർമ്മിക്കുന്നത്. ബംഗ്ലാദേശിലെ ധാക്കയിൽ നിന്ന് 160 കിലോമീറ്റർ പടിഞ്ഞാറ് മാറി രൂപ്പൂരിലാണ് ആണവ നിലയം.
അഴിമതിയിൽ ഷെയ്ഖ് ഹസീന, മകൻ സജീബ് വാസെദ് ജോയ്, തുലിപ് സിദ്ദിഖ് എന്നിവരെ ചോദ്യം ചെയ്തതായി ബിഡി ന്യൂസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. രൂപ്പൂർ ആണവനിലയ പദ്ധതിയിൽ 5 ബില്യൺ ഡോളർ അപഹരിച്ചതായാണ് ഹസീനയ്ക്ക് നേരെയുള്ള ആരോപണം. ദേശീയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ (എൻഡിഎം) ചെയർമാൻ ബോബി ഹജ്ജാജാണ് ഹസീനയ്‌ക്കെതിരെയുള്ള അഴിമതി ആരോപണം പുറത്തുകൊണ്ടുവന്നത്.
15 വർഷത്തെ ഭരണത്തിൽ ഹസീനയ്‌ക്കെതിരെ ഉണ്ടായ രാജ്യവ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് നടന്ന വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു. ബംഗ്ലാദേശ് ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തി. രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെയാണ് കേസ്.









0 comments