“വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരും” നിർ ഓസ് നിവാസികളോട് നെതന്യാഹു

2023 ഒക്ടോബർ ഏഴിന് ഹമാസിന്റെ മിന്നലാക്രമണത്തിന് വിധേയമായ ഇസ്രയേലിലെ കിബ്ബറ്റ്സ് നിർ ഓസ് സന്ദർശിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ പിൻ കവാടത്തിലൂടെയാണ് നെതന്യാഹുവിനും സംഘത്തിനും നിർ ഓസിൽ പ്രവേശിക്കാനായത്.
636 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി ഇവിടെ എത്തുന്നത്. ഏവിടെ ഞങ്ങളുടെ ഉറ്റവർ വഞ്ചകനും അഴിമതിക്കാരനും അവഗണനക്കാരനുമായ മിസ്റ്റർ നെതന്യാഹു എന്നിങ്ങനെ നാട്ടുകാർ പ്രതിഷേധം ഉയർത്തി.
നെതന്യാഹുവും ഭാര്യ സാറയും ചേർന്നാണ് കിബ്ബറ്റ്സ് നിർ ഓസിൽ പര്യടനം നടത്തിയത്. കത്തിനശിച്ച വീടുകൾ കണ്ടു. താമസക്കാരുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു. ഇവിടത്തെ 400 നിവാസികളിൽ 117 പേരെ തട്ടിക്കൊണ്ടുപോകുകയോ കൊല്ലപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഇനിയും വിവരങ്ങൾ ലഭിക്കാത്ത 50 ബന്ദികളിൽ നിർ ഓസിൽ നിന്നുള്ള ഒമ്പത് പേർ ഉൾപ്പെടുന്നു.
വെടിനിർത്തൽ ഉറപ്പ് നൽകിയതായി ബ്രോഡ്കാസ്റ്റർ
സന്ദർശനത്തിനിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രദേശവാസികളോട് വെടിനിർത്തിലിനെ കുറിച്ച് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട് ചെയ്തു. “ഞങ്ങളുടെ കാഴ്ചപ്പാടിൽ, ഒരു കരാർ തയാറാവുന്നു, വെടിനിർത്തൽ ഉടൻ പ്രഖ്യാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” എന്നിങ്ങനെ പറഞ്ഞതായി കാൻ പബ്ലിക് ബ്രോഡ്കാസ്റ്ററിനെ ഉദ്ധരിച്ചാണ് ടൈസ് റിപ്പോർട്ട്.
2023 നവംബറിൽ ബന്ദിതടവറയിൽ നിന്ന് മോചിതയായ നഴ്‌സ് നിലി മാർഗലിറ്റ് സർക്കാരിന്റെ നിസ്സംഗതയിൽ പ്രതിഷേധം അറിയിച്ചതിന് തുടർച്ചയായായിരുന്നു പ്രതികരണം.
“I want to speak about responsibility. For responsibility, you need to direct your gaze, you need to see, and therefore, this visit is important,” “But Mr. Prime Minister, where is your responsibility?”
-എന്നിങ്ങനെയായിരുന്നു നിലിയുടെ പ്രതിഷേധം. വ്യാപകമായ ആക്രമണത്തിന് ഇരയായിട്ടും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മിക്ക സർക്കാർ പ്രതിനിധികളും രാഷ്ട്രീയക്കാരും നിർ ഓസിൽ നിന്ന് വിട്ടുനിന്നു. തങ്ങളുടെ പേരിൽ യുദ്ധം തുടരുമ്പോഴും പ്രദേശത്തെ അവഗണിച്ചു- അവർ പറഞ്ഞു
കിബ്ബറ്റ്സ് പ്രവേശന കവാടത്തിൽ പ്രകടനക്കാർ തടിച്ചുകൂടിയപ്പോൾ, നെതന്യാഹുവിന്റെ വാഹനവ്യൂഹം പിൻ ഗേറ്റിലൂടെ നിർ ഓസിലേക്ക് പ്രവേശിച്ചു എന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട് ചെയ്തത്. "മിസ്റ്റർ അബാൻഡൺമെന്റ്" എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ ചുറ്റും പ്രദർശിപ്പിച്ചിരുന്നു.

വാഹനങ്ങൾ കടന്നുപോകുമ്പോൾ പ്രതിഷേധക്കാർ പ്രധാനമന്ത്രിയെ പരിഹസിക്കുകയും അദ്ദേഹത്തെ "വഞ്ചകൻ" എന്ന് വിളിക്കുകയും "അഴിമതിക്കാരൻ", "ഉപേക്ഷകൻ", "കൊലപാതകി" എന്നിങ്ങനെ അപലപിക്കുകയും ചെയ്യുന്നത് കേട്ടു എന്നും ടൈസ് പറയുന്നു.
നെതന്യാഹുവിന്റെ നിർ ഓസ് സന്ദർശനം അദ്ദേഹം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്താൻ തയ്യാറാണെന്നതിന്റെ മറ്റൊരു സൂചനയായിരിക്കുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞതായും റിപ്പോർട് തുടരുന്നു.
1948 ലെ യുദ്ധത്തിന് മുൻപ് പലസ്തീൻ അധീനതയിൽ ഉണ്ടായിരുന്ന അബു സിറ്റ പ്രദേശമാണ് കിബ്ബറ്റ്സ്. 2021 ലെ തെരഞ്ഞടുപ്പിൽ പ്രദേശവാസികൾ നെതന്യാഹു നയിച്ച സഖ്യത്തിന് എതിരായി വോട്ടു ചെയ്തു.
2023 ഒക്ടോബറിൽ ആരംഭിച്ച അസ്ഥിരതയ്ക്ക് ശേഷം പല തവണ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു. കരാർ ചർച്ചകളും മുന്നേറി. എങ്കിലും ആക്രമണം തുടർന്നു. നെതന്യാഹുവിന്റെ നിലനിൽപ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വെടി നിർത്തൽ ലംഘനങ്ങളായിരുന്നു അവയെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.
രാജ്യം നേരിടുന്ന പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധ തിരിക്കാനും വംശീയത ഉയർത്തി അധികാരം ഭദ്രമാക്കാനുമായിരുന്നു ശ്രമം എന്ന് ആരോപിക്കപ്പെട്ടു. ഇതിനെല്ലാം ഇടയിലാണ് പ്രതിപക്ഷത്തിന് ശക്തിയുള്ളതും അസ്ഥിരതയുടെ ആദ്യ ഇരയാക്കപ്പെട്ടതുമായ കുടിയേറ്റ പ്രദേശത്തേക്ക് നെതന്യാഹു ആദ്യമായി എത്തുന്നത്.









0 comments