മൗണ്ട് സ്പർ അഗ്നിപർവതം പൊട്ടിത്തെറിക്കാൻ സാധ്യത; ജാഗ്രതാ നിർദേശവുമായി ശാസ്ത്രജ്ഞർ

photo credit: X
അലാസ്ക: അലാസ്കയിലെ ആങ്കറേജിനടുത്തുള്ള സജീവ അഗ്നിപർവതമായ മൗണ്ട് സ്പർ, പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുന്നതായി ഏറ്റവും പുതിയ ഗവേഷണങ്ങൾ.
മാർച്ച് 7 നും മാർച്ച് 11 നും ഇടയിലാണ് ശാസ്ത്രജ്ഞർ അലാസ്കയെ നിരീക്ഷിച്ചത്. അഗ്നിപർവതത്തിന് മുകളിലൂടെയുള്ള നടത്തിയ വിമാന നിരീക്ഷണത്തിലാണ് പൊട്ടിത്തെറി സാധ്യത കണ്ടെത്തിയത്. അഗ്നിപർവതത്തിൽ നിന്ന് ഗണ്യമായ രീതിയിൽ വാതക ഉദ്വമനം ഉണ്ടായതായി ശാസ്‌ത്രജ്ഞർ പറഞ്ഞു. അഗ്നിപർവതത്തിനടിയിൽ പുതിയ മാഗ്മ രൂപപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അഗ്‌നിപർവതം പൊട്ടിത്തെറിക്കാനുള്ളതിന്റെ സൂചനയാണിത്.
അലാസ്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ആങ്കറേജിൽ നിന്ന് ഏകദേശം 129 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന, 3,374 മീറ്റർ ഉയരമുള്ള അഗ്നിപർവതമാണ് മൗണ്ട് സ്പർ. കഴിഞ്ഞ 250 വർഷത്തിനിടയിൽ അലാസ്കയിലെ സജീവമായിരുന്ന 53 അഗ്നിപർവതങ്ങളിൽ ഒന്നാണിത്. 1953 ൽ ഒരു തവണയും 1992 ൽ മൂന്ന് തവണയും മൗണ്ട് സ്പർ പൊട്ടിത്തെറിച്ചു. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന സ്‌ഫോടനമായിരുന്നു അവ. 2004 മുതൽ 2006 വരെയുള്ള കാലയളവിലും അപകട സാധ്യത നിലനിന്നിരുന്നു. എന്നാൽ അന്ന് പൊട്ടിത്തെറികളൊന്നും ഉണ്ടായില്ല.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഭൂകമ്പങ്ങളിലുണ്ടായ വർദ്ധനവാണ് മൗണ്ട് സ്പറിനെ കൂടുതൽ നിരീക്ഷിക്കാൻ കാരണമായത്. എന്നാൽ 1953 ലും 1992 ലും ഉണ്ടായതിന് സമാനമായ ഒരു പൊട്ടിത്തെറിക്ക് നിലവിൽ സാധ്യതയുള്ളതായി ശാസ്ത്രജ്ഞർ പറഞ്ഞു. അലാസ്ക അഗ്നിപർവത നിരീക്ഷണ കേന്ദ്രം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.









0 comments