ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനത്തിന് ഫുക്കറ്റിൽ അടിയന്തര ലാൻഡിങ്

ഫുക്കറ്റ് : ബോംബ് ഭീഷണിയെത്തുടർന്ന് എയർ ഇന്ത്യ വിമാനത്തിന് തായ്ലൻഡിലെ ഫുക്കറ്റിൽ അടിയന്തര ലാൻഡിങ്. ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് വിമാനം വെള്ളിയാഴ്ച അടിയന്തര ലാൻഡിങ് നടത്തിയതായി ഫുക്കറ്റ് വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റൂയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തുവെന്നും ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. AI 379 വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. അടിയന്തര ലാൻഡിങ്ങിന് ശേഷം വിമാനത്തിൽ നിന്ന് യാത്രക്കാരെ എല്ലാം പുറത്തിറക്കി. വിമാനത്തിൽ 156 യാത്രക്കാരുണ്ടായിരുന്നു. ഒരു യാത്രക്കാരനാണ് ബോംബ് ഭീഷണി കുറിപ്പ് കണ്ടെത്തിയത്. ഇയാളെ തായ് വിമാനത്താവള ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഭീഷണി സന്ദേശം കണ്ടെത്തിയതോടെ പൈലറ്റ് എമർജൻസി ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക തിരച്ചിലിന് ശേഷം വിമാനത്തിനുള്ളിൽ ബോംബ് കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 9:30 നാണ് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വിമാനം ടേക്ക് ഓഫ് ചെയ്തത്. എന്നാൽ ഭീഷണിയെത്തുടർന്ന് വിമാനം ഡൽഹിയിലേക്ക് തിരിക്കാതെ ആൻഡമാൻ കടലിനു മുകളിലൂടെ സഞ്ചരിച്ച ശേഷം ഫുക്കറ്റിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നുവെന്ന് ഫ്ലൈറ്റ് റഡാർ റിപ്പോർട്ട് ചെയ്തു. ഭീഷണിയുടെ കൂടുതൽ വിവരങ്ങളെപ്പറ്റി വിമാനത്താവള അധികൃതരോ എയർ ഇന്ത്യയോ പ്രതികരിച്ചിട്ടില്ല.
ഗുജറാത്തിലെ അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനം തകർന്ന് 200ലധികം പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മറ്റൊരു എയർ ഇന്ത്യ വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചത്.









0 comments