ഗാസയെ സഹായിക്കാന്‍ സുരക്ഷിത പാതവേണം: യുഎൻ

ഗാസ സിറ്റി: ഇന്ന് വെടിനിര്‍ത്തല്‍കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഗാസയിലേക്ക് സഹായമെത്തിക്കുന്നതിന് സുരക്ഷിതപാതയൊരുക്കണമെന്ന് യുഎൻ ഏജൻസി. ഗാസയിലെത്തിക്കുന്നതിനായി അമ്പതിനായിരം ടൺ ഭക്ഷ്യവസ്തുക്കൾ തയാറാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ പ്രതിനിധി അറിയിച്ചു. മുനമ്പിലെ 23 ലക്ഷം പേർ ഭക്ഷണത്തിനായി പുറത്തുനിന്നുള്ള സഹായത്തെയാണ് ആശ്രയിക്കുന്നത്. ഗാസയുടെ അതിർത്തിയിൽ ഭക്ഷണവും ഇന്ധനവുമടക്കമുള്ള സഹായങ്ങളുമായി നൂറുകണക്കിന് ട്രക്കുകളാണ് കാത്തുകിടക്കുന്നത്. അയൽരാജ്യമായ ഈജിപ്തും മുനമ്പിലേക്ക് സഹായട്രക്കുകൾ അയച്ചിട്ടുണ്ട്. ദിവവും 600 ട്രക്കുകൾ ഗാസയിലേക്ക് കടത്തിവിടാനാണ് തീരുമാനം.
വെടിനിൽത്തൽ കരാറിന് അനുകൂലമായും പ്രതികൂലമായും ഇസ്രയേലിൽ പ്രകടനങ്ങൾ നടന്നു. ഇസ്രയേൽ ഹമാസിനുമുന്നിൽ അടിയറവുപറഞ്ഞെന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് തീവ്രവലതുപക്ഷവാദികൾ ടെൽ അവീവിലെ റോഡുകൾ തടഞ്ഞു. അതേസമയം ഹമാസ് ബന്ദികളാക്കിയ കുടുംബങ്ങളുടെ സംഘടന കരാറിനെ വരവേറ്റുകൊണ്ടുള്ള റാലിയും സംഘടിപ്പിച്ചു. കരാര്‍ നടപ്പിലാകുന്നതോടെ ഗാസയുടെ ഭരണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് വെസ്റ്റ്‌ബാങ്കിലെ പലസ്തീൻ അതോറിറ്റി അറിയിച്ചു.
സമാധാനത്തിന് മണിക്കൂറുകൾ ശേഷിക്കെ ഗാസ സിറ്റിയിലെ തുഫയിലടക്കം പലയിടത്തും ഇസ്രയേൽ ആക്രമണം തുടരുകയാണ്. യമനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ വെടിവച്ചിട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
0 comments