print edition ഗാസയിൽ വീണ്ടും കൂട്ടക്കൊല; വെടിനിർത്തൽക്കരാർ കാറ്റിൽപ്പറത്തി

PHOTO APF
ഗാസ സിറ്റി: വെടിനിർത്തൽക്കരാർ കാറ്റിൽപ്പറത്തി ഗാസയിൽ വീണ്ടും ഇസ്രയേൽ സൈന്യത്തിന്റെ കൂട്ടക്കുരുതി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരം ഗാസയുടെ വിവിധ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തിൽ 46 കുട്ടികൾ ഉൾപ്പെടെ 104 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ 10നാണ് ഇസ്രയേലും ഹമാസും വെടിനിർത്തലിന് ധാരണയായത്. വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 211 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 597 പേർക്ക് ഗുരുതര പരിക്കേറ്റു.
ഹമാസ് വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്ന് ആരോപിച്ച് ചൊവ്വ രാത്രിയാണ് ഇസ്രയേൽ വ്യാപകമായ ആക്രമണം ആരംഭിച്ചത്. ജനവാസ കേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമിട്ടായിരുന്നു ബോംബിങ്. മധ്യഗാസയിലെ ദേർ അൽ ബലായിൽ വീടുകൾക്കുനേരെയായിരുന്നു വ്യോമാക്രമണം. ബേത് ലാഹിയയിൽ സ്‌കൂളുകളിൽ അഭയം തേടിയവരും അൽ മവാസിയിൽ ടെന്റുകളിൽ താമസിച്ചവരും കൊല്ലപ്പെട്ടു. മധ്യഗാസയിൽ നാൽപ്പതിലേറെപ്പേരും വടക്കൻ ഗാസയിൽ 31 പേരും തെക്കൻ ഗാസയിൽ ഇരുപതിലധികം പേരും കൊല്ലപ്പെട്ടു. നുസൈറത്ത് അഭയാർഥിക്യാമ്പിൽ അഭയം തേടിയ മാധ്യമപ്രവർത്തകനും ഭാര്യയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതുവരെ 256 മാധ്യമപ്രവർത്തകരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.
നൂറിലേറെപ്പേരെ കൊല്ലപ്പെടുത്തിയതിനുശേഷം ഗാസയിൽ വെടിനിർത്തൽ പുനഃസ്ഥാപിച്ചതായുള്ള ഇസ്രയേലിന്റെ പ്രഖ്യാപനം വന്നു. ഇസ്രയേൽ സൈന്യത്തിനുനേരെ ആര് കൈയുയർത്തിയാലും വെട്ടിമാറ്റുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് ഭീഷണിമുഴക്കി. ഇസ്രയേൽ 2023 ഒക്ടോബർ മുതൽ ഗാസയിൽ നടത്തുന്ന വംശഹത്യയിലും അധിനിവേശത്തിലും ഇതുവരെ 68,643 പേരാണ് കൊല്ലപ്പെട്ടത്. 1,70,655 പേർക്ക് പരിക്കേറ്റു. രണ്ടുവർഷം നീണ്ട കൂട്ടക്കുരുതിക്കുശേഷം വെടിനിർത്തലിന് ധാരണയായെങ്കിലും കരാറിൽ ഉറപ്പുനൽകിയ പുനരധിവാസപ്രവർത്തനങ്ങൾ തുടങ്ങിയിട്ടേയില്ല.









0 comments