ad
Deshabhimani

ട്രംപിന് പിന്നാലെ പുടിനും ബീജിങ്ങിലേക്ക്; റഷ്യൻ പ്രസിഡന്റ് മെയ് 19-ന് ചൈനയിലെത്തും

x p
വെബ് ഡെസ്ക്

Published on May 16, 2026, 05:23 PM | 2 min read

മോസ്കോ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ചൈനീസ് പര്യടനം പൂർത്തിയായി ദിവസങ്ങൾക്കകം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ചൈന സന്ദർശിക്കുന്നു. മെയ് 19 മുതൽ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പുടിൻ ബെയ്ജിങ്ങിലെത്തുമെന്ന് റഷ്യ സ്ഥിരീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഈ സന്ദർശനം.


നിലവിലെ അന്താരാഷ്ട്ര-മേഖലാ വിഷയങ്ങളിൽ ഇരു രാജ്യങ്ങളുടെയും നിലപാടുകൾ പങ്കുവെക്കുമെന്നാണ് വിശദീകരണം. ചർച്ചകൾക്കൊടുവിൽ ഇരു നേതാക്കളും സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ചൈനീസ് പ്രീമിയർ ലി ചിയാങ്ങുമായി പുടിൻ സാമ്പത്തിക-വ്യാപാര ചർച്ചകളും ആസുത്രണം ചെയ്തിട്ടുണ്ട്.

മെയ് 15 നാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് സന്ദർശനം അവസാനിപ്പിച്ച് മടങ്ങിയത്. ഏതാണ്ട് ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിച്ചത്. ട്രംപിന് വൻ സ്വീകരണമാണ് ലഭിച്ചതെങ്കിലും, യുക്രെയ്ൻ-റഷ്യ യുദ്ധം ഉൾപ്പെടെയുള്ള പല ആഗോള ഭൂരാഷ്ട്രീയ വിഷയങ്ങളിലും വ്യാപാര തർക്കങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കപ്പെടാതെ തുടരുകയാണ്. ട്രംപ് മടങ്ങി കൃത്യം നാലാം ദിവസം പുടിൻ ചൈനയിലെത്തുന്നത് ആഗോള രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.


ബഹുധ്രുവ ലോകമെന്ന കാഴ്ചപാടിലേക്കുള്ള അമേരിക്കയുടെ വഴക്കമായും ഈ സന്ദര്‍ശനങ്ങളും ചര്‍ച്ചകളും വിലയിരുത്തപ്പെടുന്നു. റഷ്യ ഉക്രെയ്ൻ ഇറാൻ യുദ്ധങ്ങളിൽ അമേരിക്കൻ നിലപാടുകൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്ന ഘട്ടമാണ്. ഇവ രാജ്യത്തിന് അകത്ത് തന്നെ വലിയ പ്രതസന്ധിയും പ്രതിഷേധവും നേരിടുന്ന സാഹചര്യമാണ്.


ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ, റഷ്യയുടെ ഏറ്റവും വലിയ സാമ്പത്തിക പങ്കാളിയായി മാറിയത് ചൈനയാണ്. ലോകത്തിൽ റഷ്യൻ ഇന്ധനത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവും ചൈനയാണ്.


യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ വേണമെന്ന് ചൈന നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും, 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ നടത്തിയ സൈനിക നടപടിയെ അപലപിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല. റഷ്യയ്ക്ക് തങ്ങൾ ആയുധങ്ങളോ സൈനിക ഘടകങ്ങളോ നൽകുന്നില്ലെന്ന് വ്യക്തമാക്കി. ഉക്രെയ്ന് ആയുധങ്ങൾ നൽകി പാശ്ചാത്യ രാജ്യങ്ങളാണ് യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് ചൈനയുടെ വാദം. ഇത് അമേരിക്കയ്ക്കും ബാധകമാവുന്നു.


റഷ്യ-ചൈന സൗഹൃദ ഉടമ്പടിയുടെ 25-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ സന്ദർശനം. പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാൻ ഇന്ധനവ്യാപാരവും ഉഭയകക്ഷി സാമ്പത്തിക ഇടപാടുകളും കേന്ദ്ര പരിഗണനയാവും. അമേരിക്കയും സഖ്യകക്ഷികളും ഉയർത്തുന്ന ഭീഷണികൾക്കെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്ന ശക്തമായ സന്ദേശവും ഇതിൽ വിലയിരുത്തപ്പെടുന്നു.


അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് തൊട്ടുപിന്നാലെ റഷ്യൻ പ്രസിഡന്റിനെയും സ്വീകരിക്കുന്നതിലൂടെ ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തികേന്ദ്രമായും ചൈന അടയാളപ്പെടുത്തുകയാണ്.


ബഹുധ്രുവ ലോകമെന്ന പ്രഖ്യാപനം





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home