ad
Deshabhimani

Articles

ബഹുധ്രുവ ലോകമെന്ന പ്രഖ്യാപനം

ബഹുധ്രുവ ലോകമെന്ന പ്രഖ്യാപനം

Trump

ബഹുധ്രുവ ലോകമെന്ന പ്രഖ്യാപനം

avatar
വി ബി പരമേശ്വരൻ

Published on May 15, 2026, 10:07 PM | 4 min read

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉച്ചകോടി സംഭാഷണം ബീജിങ്ങിൽ പൂർത്തിയായി. ലോകത്തിലെ ഒന്നാമത്തെ സാമ്പത്തികശക്തിയായ അമേരിക്കയുടെ പ്രസിഡന്റും രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈനയുടെ പ്രസിഡന്റും തമ്മിലുള്ള സംഭാഷണത്തെ ലോകം അതീവ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ലോകത്തിലെ മൊത്തം ഉൽപ്പാദനത്തിന്റെ മൂന്നിലൊന്നും ലോക ജനസംഖ്യയുടെ നാലിലൊന്നും ലോകവ്യാപാരത്തിന്റെ അഞ്ചിലൊന്നും കൈകാര്യം ചെയ്യുന്ന രാജ്യങ്ങളുടെ ഭരണാധികാരികൾ എടുക്കുന്ന ഏതു തീരുമാനവും ലോകജനതയുടെ ജീവിതത്തെ സ്വാധീനിക്കുമെന്നതാണ് ഈ ഉച്ചകോടിയുടെ പ്രാധാന്യം. ഒമ്പതുവർഷത്തിനുശേഷമാണ് ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ ഉച്ചകോടി സംഭാഷണം നടത്തിയത്.


​വെനസ്വേല, ഇറാൻ ഭരണാധികാരികളെ മാറ്റി ലോകാധിപത്യം തങ്ങൾക്കുതന്നെയെന്ന് ഉറപ്പിച്ചശേഷം മാർച്ചിൽ ഉച്ചകോടി സംഭാഷണം നടത്താനായിരുന്നു ട്രംപിന്റെ പദ്ധതി. എന്നാൽ, ഇറാൻ യുദ്ധം നീണ്ടതോടെ ആ കണക്കുകൂട്ടലുകളൊക്കെ തെറ്റി. ഇറാനുമുമ്പിൽ പതറിയ അമേരിക്കയെയാണ് കാണാനായത്. സ്വാഭാവികമായും ഏറെ കരുത്തോടെയാണ് ഷി ജിൻപിങ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ലോവി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ശാക്തിക സൂചികയനുസരിച്ച് യുഎസിനേക്കാൾ നയതന്ത്രസ്വാധീനവും സാമ്പത്തികബന്ധങ്ങളുമുള്ള രാജ്യമായി ചൈന മാറിയിട്ടുണ്ട്. അതായത് 2017ൽ ഷിയുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയതിനേക്കാൾ ദുർബലനായ ഭരണാധികാരിയായാണ് 2026ൽ ട്രംപ് ചൈനയിലെത്തിയത്.

തിരിഞ്ഞുകുത്തിയ തീരുവഭീകരത

ചൈനയുടെ ക്ഷണപ്രകാരമാണ് ട്രംപ് ഇക്കുറി ബീജിങ്ങിലെത്തിയതെങ്കിലും ഷിയേക്കാൾ അമേരിക്കയ്ക്കായിരുന്നു ബന്ധം മെച്ചപ്പെടുത്താൻ തിടുക്കം. തങ്ങളുടെ മേൽക്കൈ തിരിച്ചുപിടിക്കാനെന്ന പേരിൽ ട്രംപ് നടത്തിയ തീരുവഭീകരത ഏറ്റവും ദോഷമായി ബാധിച്ചത് അമേരിക്കയെത്തന്നെയാണ്‌. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് പെരുമ്പറയടിച്ച് രണ്ടാമതും അധികാരത്തിൽ വന്ന ട്രംപ്, പ്രസ്തുത ലക്ഷ്യം നേടാനാണ് ചൈനയ്ക്കെതിരെ 145 ശതമാനം ചുങ്കം ചുമത്തിയത്. ഇതിന്റെ ഫലമായി ചൈനയിൽനിന്നുള്ള ഇറക്കുമതി കുറഞ്ഞെങ്കിലും വ്യാപാരശിഷ്‌ടം 30,000 കോടി ഡോളറിലധികമായി തുടർന്നു. മാത്രമല്ല, ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും പശ്ചിമേഷ്യയിലും പുതിയ വിപണി കണ്ടെത്തി അമേരിക്ക സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാകുമെന്ന ആത്മവിശ്വാസവും ചൈന പ്രകടിപ്പിച്ചു.


​യുഎസിന്റെ ഉയർന്ന ചുങ്കത്തിനുപകരം അപൂർവ ലോഹങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചതോടെ ഫോർഡിന്റെ ചിക്കാഗോ പ്ലാന്റ് ഉൾപ്പെടെ അടയ്ക്കേണ്ട ഗതികേട് അമേരിക്കയിലുണ്ടായി. മിലിട്ടറി ഇൻഡസ്ട്രി കോംപ്ലക്സും ആശങ്കയിലായി. അപൂർവ ലോഹങ്ങളുടെ 45 ശതമാനം ശേഖരവും (440 ലക്ഷം ടൺ) ശുദ്ധീകരണസംവിധാനത്തിന്റെ 95 ശതമാനവും ചൈനയിലാണെന്നത് ഈ ആശങ്ക വർധിപ്പിച്ചു. അതായത് ചൈനയ്ക്കെതിരായ വ്യാപാരഭീകരത അമേരിക്കയ്ക്കെതിരെതന്നെ തിരിഞ്ഞുകുത്താൻ തുടങ്ങി. ഈ ഘട്ടത്തിലാണ് ചൈനയുമായുള്ള വ്യാപാരം മെച്ചപ്പെടുത്താൻ അമേരിക്ക മുൻകൈയെടുത്തത്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രതിനിധിസംഘത്തിൽ എലോൺ മസ്‌കും ജെൻസൺ ഹുവാങ്ങുവും ടിം കുക്കും മറ്റും ഇടംപിടിച്ചത് ഈ പശ്ചാത്തലത്തിലാണ്. അമേരിക്കൻ സർക്കാരിന്റെ നയം രൂപപ്പെടുത്തുന്നത് കോർപറേറ്റുകളാണെന്നതിന്റെ സാക്ഷ്യപത്രംകൂടിയാണിത്. ഈ കോർപറേറ്റുകൾക്ക്‌ അവരുടെ ബിസിനസ്‌ മുന്നോട്ടുകൊണ്ടുപോകാൻ ചൈനയുമായുള്ള വ്യാപാരം പ്രധാനമാണ്. ഒപ്പം ചൈനീസ് ഉൽപ്പന്നങ്ങൾക്കും നിക്ഷേപങ്ങൾക്കും അമേരിക്ക സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കിക്കിട്ടേണ്ടത് ചൈനയുടെ ആവശ്യവുമായിരുന്നു. ചൈനയുടെ ഉയിർത്തെഴുന്നേൽപ്പിനൊപ്പം അമേരിക്കയെയും മഹത്തരമാക്കാമെന്ന ട്രംപിന്റെ പ്രസ്താവന ഈ കൊടുക്കൽവാങ്ങലിന്റെ പ്രാധാന്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

സാങ്കേതികരംഗത്ത് 
ചൈനീസ്‌ കുതിപ്പ്‌

സാങ്കേതികരംഗത്ത് ചൈന നേടുന്ന വൻകുതിപ്പും അമേരിക്കയെ അലോസരപ്പെടുത്തുന്നു. ഈ രംഗത്ത് അമേരിക്കയ്ക്ക് ഉണ്ടായിരുന്ന മേൽക്കൈയാണ് നഷ്‌ടപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് ചിപ്പുകൾ ചൈനയ്ക്ക് നൽകുന്നത് അമേരിക്ക വിലക്കിയത്. ജിഡിപിയുടെ മൂന്നുശതമാനത്തോളം ഗവേഷണവികസനത്തിനായി നീക്കിവയ്ക്കുന്ന രാജ്യമാണ് ഇന്ന് ചൈന. നൂതന സാങ്കേതികവിദ്യ സൈന്യത്തിൽ പ്രയോഗിക്കുന്നതിലും ചൈനയാണ് മുന്നിൽ. ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (World Intellectual property organisation)യുടെ കണക്കനുസരിച്ച് 2024ൽ അമേരിക്കയേക്കാൾ ഗവേഷണത്തിന് പണം ചെലവഴിച്ചതും ചൈനയാണ്. 78,590 കോടി ഡോളർ. തങ്ങൾക്ക്‌ തടയാൻ കഴിയാത്തവിധം ചൈന മുന്നേറ്റം ഉറപ്പാക്കുന്നതിനാൽ ഈ രംഗത്തും സഹകരണമാണ് നല്ലതെന്ന നിഗമനത്തിൽ അമേരിക്ക എത്തിയെന്നർഥം.


ഇറാൻ യുദ്ധം

വ്യാപാരത്തിനുപുറമെ മറ്റൊരു പ്രധാന അജൻഡ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധമാണ്. പ്രതീക്ഷിച്ച വിജയം നേടാനാകാത്തതും അമേരിക്കയിൽ സൃഷ്ടിച്ച വൻ വിലക്കയറ്റവും കാരണം യുദ്ധത്തിൽനിന്ന് എത്രയുംവേഗം തലയൂരണമെന്ന് അമേരിക്കയ്ക്കുണ്ട്. എന്നാൽ, യുദ്ധത്തിൽ മേൽക്കൈ നേടിയ ഇറാൻ മുന്നോട്ടുവച്ച നിബന്ധനകൾക്ക് വഴങ്ങി പിന്മാറാനും കഴിയില്ല. അതിനാൽ ചൈനയുടെ സഹായം ഇക്കാര്യത്തിൽ അമേരിക്കയ്ക്ക് പ്രധാനമാണ്. ഇറാനും ചൈനയും തമ്മിലുള്ള ബന്ധം ഊഷ്‌മളമാണ്. ട്രംപിന്റെ സന്ദർശനത്തിന് ഏതാനും ദിവസംമുമ്പാണ് ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാഗ്ചി ബീജിങ് സന്ദർശിച്ചത്. അറാഗ്ചിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം ചൈനീസ് വിദേശമന്ത്രി വാങ് യി പറഞ്ഞത് ഇറാന്റെ പരമാധികാരവും സുരക്ഷയും ഉറപ്പുവരുത്താൻ ചൈന നിലകൊള്ളുമെന്നാണ്. അതായത് ഇറാന്റെ പരമാധികാരത്തെ ദുർബലമാക്കുന്ന ഒരു നടപടിക്കും കൂട്ടുനിൽക്കില്ലെന്ന ശക്തമായ സന്ദേശമാണ് ചൈന നൽകിയത്.


ഇറാന്, ചൈന യുദ്ധോപകരണങ്ങൾ നൽകിയെന്ന് അമേരിക്ക ആരോപിച്ചെങ്കിലും ചൈന നിഷേധിക്കുകയുണ്ടായി. യുദ്ധം തീർക്കാൻ ചൈനയുടെ സഹായം തേടില്ലെന്നാണ്‌ ബീജിങ്ങിലേക്ക് തിരിക്കുംമുമ്പ് ട്രംപ് പറഞ്ഞത്‌. എന്നാൽ, അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ് നേരത്തേ പറഞ്ഞത് ഹോർമുസ് തുറക്കാൻ ചൈന ഇറാനിൽ സമ്മർദം ചെലുത്തണമെന്നാണ്‌. ചൈനീസ് സന്ദർശനത്തിന്റെ രണ്ടാംദിവസമായ 14ന് ട്രംപ് പറഞ്ഞത്, യുദ്ധം ഒത്തുതീർപ്പാക്കാൻ ചൈനീസ് പ്രസിഡന്റ് സഹായം വാഗ്‌ദാനം ചെയ്‌തെന്നാണ്. ബീജിങ് വിടുന്നതിന് തൊട്ടുമുമ്പ് ട്രംപ് പറഞ്ഞത്, ഇറാൻ വിഷയം ചർച്ച ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ ഇരുരാഷ്ട്രങ്ങൾക്കും താൽപ്പര്യവുമുണ്ടെന്നാണ്. ഹോർമുസിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാകണമെന്നത് ചൈനയുടെയും ആഗ്രഹമാണ്. കാരണം ഇറാൻ കയറ്റുമതി ചെയ്യുന്ന 80 ശതമാനം എണ്ണയും വാങ്ങുന്നത് ചൈനയാണ്. ചൈന ഇറക്കുമതി ചെയ്യുന്ന 50 ശതമാനം സാധനങ്ങളും വരുന്നത് ഹോർമുസിലൂടെയാണ്.

​​

മറ്റൊരു പ്രധാന വിഷയം തയ്‌വാനാണ്. രാജ്യത്തിന്റെ ഭാഗമായാണ് തയ്‌വാനെ ചൈന കാണുന്നത്. ഹോങ്കോങ്ങും മക്കാവോയുംപോലെ ചൈനയുടെ ഭാഗം. ഐക്യരാഷ്ട്ര സംഘടനപോലും സ്വതന്ത്രരാഷ്ട്രമായി തയ്‌വാനെ അംഗീകരിച്ചിട്ടില്ല. എന്നാൽ, തയ്‌വാനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ചൈനയെ വളഞ്ഞുപിടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ക്വാഡും എയുകെയുഎസും (AUKUS) മറ്റും രൂപീകരിച്ചതും ഇതേ ലക്ഷ്യത്തിലാണ്. ഇതിനിടയിലാണ് 1100 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചത്. മറ്റൊരു 1400 കോടി ഡോളറിന്റെ ആയുധം നൽകുമെന്നും ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞത്, ഉച്ചകോടിയിൽ തയ്‌വാൻ ചർച്ചാവിഷയമാകുമെന്നാണ്. എന്നാൽ, ബീജിങ്ങിലെത്തിയ ട്രംപിനോട് ഷി മുന്നറിയിപ്പെന്നവണ്ണം പറഞ്ഞത്, ഈ വിഷയം നല്ല രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഏറ്റുമുട്ടലിലേക്കും സംഘർഷത്തിലേക്കും നയിക്കപ്പെടുമെന്നാണ്. അങ്ങനെ സംഭവിച്ചാൽ എല്ലാ ബന്ധവും തകരുമെന്നും ഷി മുന്നറിയിപ്പ് നൽകി. തയ്‌വാൻ സംബന്ധിച്ച് അമേരിക്കൻ നയത്തിൽ മാറ്റമില്ലെന്ന് മാർക്കോ റൂബിയോ പറഞ്ഞെങ്കിലും ഇതുസംബന്ധിച്ച ചോദ്യത്തിന്‌ മറുപടി നൽകാൻ ട്രംപ് തയ്യാറായില്ല എന്നത് പല വ്യാഖ്യാനങ്ങൾക്കും ഇടനൽകും.

തന്ത്രപരമായി സ്ഥിരതയുള്ള, സൃഷ്ടിപരമായ ചൈന-–യുഎസ് ബന്ധം എന്ന ആശയമാണ് ഷി ഉച്ചകോടിയിൽ മുന്നോട്ടുവച്ചത്. അസ്ഥിരതയും സംഘർഷവുമാണ് ഇന്ന് ലോകത്തിന്റെ മുഖമുദ്ര. ഉക്രയ്ൻ, ഇറാൻ യുദ്ധങ്ങളും വ്യാപാര അസ്ഥിരതയും കാലാവസ്ഥാ മാറ്റവുംമറ്റും സൃഷ്ടിച്ച കുഴഞ്ഞുമറിഞ്ഞ ലോകാവസ്ഥയിലാണ് തന്ത്രപ്രധാന സുസ്ഥിരതയെക്കുറിച്ച് ഷി പറയുന്നത്. ലോകത്തിലെ വൻശക്തിയും വളർന്നുവരുന്ന ശക്തിയും തമ്മിൽ യുദ്ധമെന്ന കെണിയിൽ (തുസിഡിഡീസ് ട്രാപ്)നിന്ന് ലോകം മുക്തമാകണമെന്നും മുമ്പിലുള്ള വെല്ലുവിളികൾ യോജിച്ച് നേരിടാനായിരിക്കണം ലോകരാഷ്ട്രങ്ങൾ ശ്രമിക്കേണ്ടതെന്നും ഷി പറഞ്ഞു. അമേരിക്ക തനിച്ച് ആഗോളക്രമം നിശ്ചയിച്ച കാലത്തിന് അന്ത്യമായെന്നും ബഹുധ്രുവ ലോകത്തിലേക്ക് സഞ്ചരിക്കുകയാണെന്നുമുള്ള പ്രഖ്യാപനമാണ് ബീജിങ്ങിൽ മുഴങ്ങിയത്. പഴയ പ്രതാപം വീണ്ടെടുക്കാൻ പുനർകോളനീകരണത്തെക്കുറിച്ചും ഡോൺറോ സിദ്ധാന്തത്തെക്കുറിച്ചും അമേരിക്ക ചർച്ച തുടങ്ങിവച്ച സമയത്താണ് ചൈന ഈ ആശയം മുന്നോട്ടുവയ്ക്കുന്നത്.



Deshabhimani
Home