വിസ വെട്ടിച്ചുരുക്കൽ: ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡ സ്വപ്നമായി മാറുമോ..?

പ്രതീകാത്മക ചിത്രം, എഐ നിർമിതം
ന്യൂഡൽഹി: കാനഡയിൽ ഏർപ്പെടുത്തിയ വിസ വെട്ടിച്ചുരുക്കൽ ഇന്ത്യൻ വിദ്യാർഥികളുടെ വിദേശ പഠനമെന്ന സ്വപ്നത്തിന് വിലങ്ങുതടിയാകുന്നു. അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചതാണ് വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നത്. 2026 ഏപ്രിലിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കാനഡയുടെ വിസ വെട്ടിച്ചുരുക്കലിന്റെ ഭാഗമായി ഇന്ത്യൻ വിദ്യാർഥികൾക്ക് അനുവദിച്ച പുതിയ സ്റ്റഡി പെർമിറ്റുകളുടെയും പെർമിറ്റ് പുതുക്കലുകളുടെയും എണ്ണത്തിൽ, കഴിഞ്ഞ ഏപ്രിലിനെ അപേക്ഷിച്ച് 16 ശതമാനം കുറവ് രേഖപ്പെടുത്തി.
2024 ൽ 36,510 ആയിരുന്ന ഇന്ത്യൻ വിദ്യാർഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ എണ്ണം 2025 ൽ 6,895-ലേക്ക് കൂപ്പുകുത്തി. അതായത് 81 ശതമാനം ഇടിവ്. ഇക്കൊല്ലം ആയപ്പോഴേയ്ക്കും വീണ്ടും കുറഞ്ഞ് 5,795 ൽ എത്തി. ഇതിൽ പലതും പഴയ പെർമിറ്റുകളുടെ പുതുക്കലുകൾ ആകാനാണ് സാധ്യതയെന്നാണ് റിപ്പോർട്. പുതിയ പെർമിറ്റുകളും പുതുക്കലുകളും വേർതിരിച്ചുള്ള കണക്കുകൾ നിലവിൽ ലഭ്യമല്ല. 2015-ൽ കാനഡയിലെ ആകെ അന്താരാഷ്ട്ര വിദ്യാർഥികളിൽ 14.6% മാത്രമായിരുന്ന ഇന്ത്യക്കാർ, 2018-ൽ ചൈനക്കാരെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർഥി ഇമിഗ്രേഷൻ ഗ്രൂപ്പായി ഇന്ത്യ മാറി. ഇന്ത്യൻ വിദ്യാർഥികൾക്കുള്ള അവസരങ്ങൾ ഇനിയും കുറഞ്ഞേക്കുമെന്ന സൂചന കൂടിയാണിത്.
കാനഡയുടെ 2026-2028 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ (ILP) പ്രകാരം, വിദേശ വിദ്യാർഥികൾക്ക് നൽകുന്ന പുതിയ പെർമിറ്റുകളുടെ വാർഷിക പരിധിയിൽ 2025-2027 പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ 50% വെട്ടിക്കുറവ് ആണ് വരുത്തിയിരിക്കുന്നത്. ഇതിന്റെ ഫലമായി വരും വർഷങ്ങളിലും കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ ഇടിവ് സംഭവിച്ചേക്കുമെന്നാണ് വിലയിരുത്തൽ. 2025-ൽ ആണ് വിദ്യാർഥികളുടെ എണ്ണത്തിൽ ഇടിവ് സംഭവിച്ചത്.
2015 മുതൽ 2022 വരെ 41.2% എന്ന ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ഈ വളർച്ചയിലാണ് കുത്തനെ ഇടിവ് സംഭവിച്ചിരിക്കുന്നത്. കാനഡയുടെ 2026-2028-ലെ ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ (ILP) പ്രകാരം, കുടിയേറ്റത്തെ സുസ്ഥിരമായ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ കാനഡ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്ന നടപടികൾ ഇന്ത്യൻ വിദ്യാർത്ഥികളെ കൂടാതെ മറ്റ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് കൂടി തിരിച്ചടിയാകുന്നുണ്ട്.
എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ മൊത്തത്തിൽ 44% കുറവുണ്ടായപ്പോൾ, ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 2023-ലെ 2.78 ലക്ഷത്തിൽ നിന്ന് 2025-ൽ 93,915 ആയി, അതായത് ഇടിവുണ്ടായത് 66 ശതമാനം. കാനഡയെ കൂടാതെ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റ് പ്രമുഖ രാജ്യങ്ങളും അവരുടെ ഇമിഗ്രേഷൻ നയങ്ങൾ കർശനമാക്കുന്നത് വിദേശ പഠനം സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാകും. ഇന്ത്യയും കാനഡയും തമ്മിൽ നിലനിൽക്കുന്ന നയതന്ത്ര ബന്ധത്തിലെ ഉലച്ചിലും കാനഡയിലേയ്ക്കുള്ള വിദ്യാർഥികളുടെ ഇടിവിന് കാരണമാകുന്നുണ്ട്.










0 comments