വിദ്യാർഥികൾക്ക് നേരെ മോദി സർക്കാർ ഭീകരത; എത്ര അടിച്ചമർത്തിയാലും അവരുടെ ചോദ്യങ്ങൾ ഇല്ലാതാകില്ല

ന്യൂഡൽഹി: 'പാർലമെന്റിന് ഏതാനും വാര മാത്രം അകലെ, രണ്ടു ഡസനോളം പേരെ പൊലീസ് ഒരു വാഹനത്തിൽ തള്ളിക്കയറ്റി, രണ്ടര മൂന്ന് മണിക്കൂറോളം അതിനുള്ളിൽത്തന്നെ പൂട്ടിയിട്ടു. പലരുടെയും കൈകാലുകൾ ഒടിഞ്ഞിട്ടുണ്ടായിരുന്നു; ശരീരം മുഴുവൻ രക്തം വാർന്നൊലിക്കുന്ന അവസ്ഥ. എന്നിട്ടും അവരെ പൊലീസ് വാഹനത്തിൽത്തന്നെ അടച്ചിട്ടു'- നീറ്റ് ചോദ്യചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പാർലമെന്റ് മാർച്ചിനുനേരെ പൊലീസ് നടത്തിയ നരനായാട്ടിന്റെ നേർചിത്രമാണ് ജോൺ ബ്രിട്ടാസ് എംപിയുടെ കുറിപ്പ്.
കോക്രോച്ച് ജനതാ പാർടി ആഹ്വാനം ചെയ്ത സമാധാനപരമായ ജനാധിപത്യ പ്രതിഷേധത്തെയാണ് മോദി സർക്കാർ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാൻ ശ്രമിച്ചത്. പരീക്ഷാ പേപ്പർ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ അഴിമതിയെ കുറിച്ചുമുള്ള വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം അടിച്ചമർത്തുകയായിരുന്നു ലക്ഷ്യം. വിദ്യാർഥികൾക്കേറ്റ ഒരോ പരിക്കും അതിന്റെ തെളിവാണ്.
സമരവേദിയിലേക്ക് കൂടുതൽ വിദ്യാര്‍ഥികൾ എത്തുന്നത് നിയന്ത്രിക്കാനുള്ള പൊലീസ് നടപടികൾ എല്ലാം പാളിയിരുന്നു. ശനിയാഴ്ച രാത്രി വൈകിയും സമരം തുടർന്നതോടെ സമരസ്ഥലത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പൊതുശുചിമുറികൾക്ക് താഴിട്ടു. കുടിവെള്ള വിതരണം തടസ്സപ്പെടുത്തുകയുംചെയ്തു. തിങ്കളാഴ്ച നൂറ് കണക്കിനാളുകൾ ദേശീയ പതാകയും അംബേദ്കർ ചിത്രവും ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രദേശത്തേക്ക് മാർച്ചിൽ പങ്കെടുക്കാനായി എത്തുന്നത് തുടരുന്നതിനിടെയാണ് സമരത്തെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് വലിയ തോതിൽ ലാത്തിച്ചാർജുണ്ടായത്.
ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പാർലമെന്റ് മാർച്ചിനുനേരെ പൊലീസ് അക്രമം അഴിച്ചുവിട്ടതിന് പിന്നാലെ സമരക്കാർക്ക് ഐക്യദാർഢ്യവുമായി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വിജൂ കൃഷ്ണൻ, മറിയം ധാവ്ളെ എന്നിവർ ജന്തർ മന്തറിലെത്തിയിരുന്നു.










0 comments