അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി താലിബാൻ

Photo: AFP
കാബൂള്‍: അഫ്‍ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇന്‍റർനെറ്റ് നിയന്ത്രങ്ങളില്‍ പിടിമുറുക്കുന്നു. 'അധാർമികത തടയുക' എന്ന വ്യാജേന താലിബാന്‍ രാജ്യത്തെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഫൈബർ-ഒപ്റ്റിക് ഇന്‍റർനെറ്റ് ആക്‌സസ് പൂർണ്ണമായും അടച്ചുപൂട്ടിയതോടെ തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു. മൊബൈൽ സേവനങ്ങളും സാറ്റലൈറ്റ് ടിവിയും തടസപ്പെട്ടു. കാബൂൾ വിമാനത്താവളത്തിലെ വിമാന സർവീസുകളും ബാധിച്ചു. ബാങ്കിംഗ് സേവനങ്ങളും വ്യാപാരങ്ങളും ചൊവ്വാഴ്ച മുതൽ തടസ്സപ്പെടുമെന്ന് റിപ്പോർട്ടുകൾ.
അധാര്‍മ്മികത തടയുന്നതിനായി താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവിറക്കിയത്. ഉത്തരവിറക്കിയതിന് പിന്നാലെ ഈ മാസം ആദ്യം നിരവധി പ്രവിശ്യകളില്‍ ഫൈബര്‍-ഒപ്റ്റിക് കണക്ഷനുകള്‍ നഷ്ടപ്പെട്ടിരുന്നു. വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, വീടുകള്‍ തുടങ്ങിയിടങ്ങളില്‍ വൈ-ഫൈ കട്ടായി.
തിങ്കളാഴ്ച, അഫ്ഗാനിസ്ഥാനിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സാധാരണ നിലയുടെ 14 ശതമാനത്തിലേക്ക് താഴ്ന്നു. ഇന്റർനെറ്റ് നിരോധനത്തോടെ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി, തലസ്ഥാനമായ കാബൂളിലെ അവരുടെ ഓഫിസുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അറിയിച്ചു. 2021ൽ അധികാരം പിടിച്ചെടുത്തതു മുതൽ നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ഇന്റര്‍നെറ്റ് റദ്ദാക്കലും.









0 comments