നടൻ ജോനാഥന്‍ ജോസ് ഗോണ്‍സാലസ് വെടിയേറ്റ് മരിച്ചു

ടെക്സാസ്: നടനും സംഗീതജ്ഞനുമായ ജോനാഥന്‍ ജോസ് ഗോണ്‍സാലസ് (59) വെടിയേറ്റുമരിച്ചു. അയല്‍ക്കാരനുമായുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഏഴുമണിയോടെയാണ് ആക്രമണമുണ്ടായത്. ഒന്നിലേറെ തവണ വെടിയേറ്റ ജോനാഥന്‍ ജോസ് വീടിന് സമീപത്തെ റോഡില്‍ വീണുകിടക്കുന്നതായാണ് സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത്. പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അയൽക്കാരൻ സിഗ്‌ഫ്രെഡോ അല്‍വാരസ് സെജ (56) സാന്‍ അന്റോണിയോ പോലീസിന്റെ കസ്റ്റഡിയിലാണ്. 'രണ്ടുപുരുഷന്മാര്‍ പരസ്പരം സ്‌നേഹിക്കുന്നത് കാണുന്നത് സഹിക്കാന്‍ കഴിയാത്ത ഒരാള്‍ ജോനാഥന്‍ ജോസിനെ കൊലപ്പെടുത്തി', എന്ന് നടന്റെ പങ്കാളി ട്രിസ്റ്റന്‍ കേണ്‍ ഡി ഗോണ്‍സാലസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ജനുവരിയില്‍ ഒരു തീപ്പിടിത്തത്തില്‍ ജോനാഥന്‍ ജോസിന്റെ വീടും രണ്ട് വളര്‍ത്തുപട്ടികളേയും നഷ്ടമായിരുന്നു. വീട് അയല്‍വാസികള്‍ തീവെച്ചതാണെന്ന് പങ്കാളിയായ ട്രിസ്റ്റന്‍ കേണ്‍ ഡി ഗോണ്‍സാലസ് ആരോപിച്ചിരുന്നു.
'കിങ് ഓഫ് ദി ഹില്‍' എന്ന ടെലിവിഷന്‍ സീരീസില്‍ ജോണ്‍ റെഡ്‌കോണ്‍ എന്ന കഥാപാത്രത്തിന് രണ്ടുമുതല്‍ 13 വരെ സീസണുകള്‍ക്ക് ശബ്ദം നല്‍കിയത് ജോനാഥന്‍ ആണ്. ഇതേ പേരിലും ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 1993 മുതല്‍ അഭിനയത്തില്‍ സജീവമായ ജോനാഥന്‍ നിരവധി സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും സ്വീകാര്യത നേടി.









0 comments