9 ദിവസം ദുഃഖാചരണം; പിന്നീടറിയാം പുതിയ മാർപാപ്പയെ

വത്തിക്കാൻ: ഫ്രാൻസിസ് പാപ്പയുടെ കബറടക്കം കഴിഞ്ഞു; ഇനി ഒമ്പതു ദിവസം ദുഃഖാചരണം. അതിനുശേഷം പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ. തുടർന്ന് പുതിയ പാപ്പയുടെ സ്ഥാനാരോഹണം വരെ ലോകത്തിന്റെ കണ്ണുകൾ വത്തിക്കാനിൽ. പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 135 കർദ്ദിനാൾമാരിൽ 108 പേരും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചവർ. അതുകൊണ്ടുതന്നെ ഫ്രാൻസിസ് പാപ്പ തുടർന്ന പരിഷ്‌കരണത്തിന്റെയും ആധുനികതയുടെയും വഴി ഉപേക്ഷിച്ച് യാഥാസ്ഥിതിക പക്ഷത്തേയ്‌ക്ക് ചായുക എളുപ്പമല്ല.
വിലാപദിവസാചരണം (നൊവേ ഡി ആലെസ്) ശനിയാഴ്‌ച തന്നെ ആരംഭിച്ചു. ഇനി എട്ടുദിവസം കൂടി മാർപാപ്പയ്‌ക്കായി കുർബാന അർപ്പിക്കും. 15 മുതൽ 20 വരെ ദിവസങ്ങൾക്കുള്ളിൽ പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിനുള്ള തയ്യാറെടുപ്പ്. കർദിനാൾമാരിൽ ഉക്രെയിൻ സഭയിലെ മിക്കോൾ ബൈച്ചോക്(45) ആണ് ഏറ്റവും പ്രായം കുറഞ്ഞയാൾ. 2013ൽ ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്തവരിൽ 20 കർദിനാൾമാർ ഇത്തവണയും കോൺക്ലേവിലുണ്ട്. (മെയ് അഞ്ചിനോ ആറിനോ കോൺക്ലേവ് ആരംഭിക്കും)
കോൺക്ലേവ് ആരംഭിക്കുംമുമ്പ് കർദിനാൾമാർ സിസ്‌റ്റൈൻ ചാപ്പലിൽ പ്രവേശിച്ച് രഹസ്യസ്വഭാവത്തിന്റെ സത്യവാചകം ചൊല്ലുന്നു. ധ്യാനവും ഉണ്ടാവും. വോട്ടെടുപ്പ് സമയം കർദിനാൾമാർക്ക് പുറംലോകവുമായി ബന്ധമില്ല. പാപ്പയെ തെരഞ്ഞെടുത്തോ ഇല്ലയോ എന്ന് അറിയാനുള്ള വഴി സിസ്റ്റൈൻ ചാപ്പലിനു മുകളിലെ ചിമ്മിനിയിലൂടെയുള്ള പുക. ഓരോ വോട്ടെടുപ്പിനുശേഷവും ബാലറ്റുകൾ കത്തിക്കും. തെരഞ്ഞെടുത്തില്ലെങ്കിൽ കറുത്ത പുക. തെരഞ്ഞെടുത്താൽ വെളുത്ത പുക.പുതിയ മാർപാപ്പയ്‌ക്കായി മൂന്നു ജോടി വസ്‌ത്രങ്ങൾ തയ്യാറാക്കിയിരിക്കും. ഇതിൽ പാകമായത് അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടും.









0 comments