ജറുസലേമിനെ ഇസ്രയേലി തലസ്ഥാനമായി അംഗീകരിക്കുമെന്ന് ഓസ‌്ട്രേലിയ

സിഡ്‌നി > പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഓസ‌്ട്രേലിയ. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി പലസ്തീനെയും അംഗീകരിക്കുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു. അതേസമയം, ടെല്‍ അവീവിലെ ഓസ‌്ട്രേലിയൻ എംബസി പടിഞ്ഞാറന്‍ ജറുസലേമിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മോറിസണ്‍ പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരനിർദേശം അംഗീകരിക്കുന്നതുവരെ എംബസി മാറ്റില്ല. പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേൽ പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെ പല സ്ഥാപനങ്ങളുടെയും ആസ്ഥാനമെന്ന നിലയിൽ അംഗീകരിക്കുന്നതായി നേരത്തേ മോറിസൺ പറഞ്ഞിരുന്നു. ഇതിനെതിരെ പലസ്തീന്‍ രംഗത്തെത്തി. അതേസമയം, തീരുമാനത്തിനെതിരെ ഓസ്‌ട്രേലിയന്‍ പ്രതിപക്ഷം രംഗത്തെത്തി. ലജ്ജാകരമായ പിന്മാറ്റമെന്നാണ് സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. ഒക്ടോബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സഖ്യത്തിന് പാര്‍ലമെന്റില്‍ ഒരു സീറ്റ് നഷ്ടമായിരുന്നു. ഇതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് ബില്‍ ഷോര്‍ട്ടണ്‍ പറഞ്ഞു.









0 comments