ജോൺസൺസ‌് ബേബിപൗഡറിൽ ആസ്ബെസ്റ്റോസ്

വാഷിങ്ടൺ > ഫാർമസ്യൂട്ടിക്കൽ ഭീമൻ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സൺ കമ്പനിയുടെ ബേബി പൗഡറില്‍ വര്‍ഷങ്ങളായി ആസ്‌ബെസ‌്റ്റോസ് ഘടകം ഉപയോഗിച്ചിരുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്ചെയ‌്തു. പിന്നാലെ കമ്പനിയുടെ ഓഹരിവില 10 ശതമാനം ഇടിഞ്ഞു. പൗഡറിലെ ആസ്‌ബെസ‌്റ്റോസ് ഘടകം അര്‍ബുദത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി നിരവധി കേസുകൾ നിലനില്‍ക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത‌്.
1971 മുതല്‍ ടാല്‍ക്കം പൗഡറില്‍ ആസ്‌ബെസ‌്റ്റോസ് ഘടകം ഉപയോഗിച്ചുവരുന്നതായി കമ്പനിക്ക് അറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1971 മുതല്‍ 2000 വരെയുള്ള കമ്പനിയുടെ രഹസ്യരേഖകളും പഠനറിപ്പോര്‍ട്ടുകളും പരിശോധനാഫലങ്ങളും തെളിവുകളുമാണ് റോയിട്ടേഴ്‌സ് പരിശോധിച്ചത്. അനുകൂലമായ പഠനം നടത്താനും മാധ്യമങ്ങളിൽ അനുകൂല വാർത്ത നൽകാനും കമ്പനി പണം മുടക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. കോസ്മറ്റിക് ഉല്‍പ്പന്നങ്ങളിലെ ആസ‌്ബെസ്റ്റോസിന്റെ തോതിന് പരിധി നിശ്ചയിക്കുന്നതിന് യുഎസ് ഏജന്‍സികളെ സ്വാധീനിക്കാനുമായി.
1972നും 1975നും ഇടയില്‍ മൂന്ന് വ്യത്യസ്ത ലാബുകളില്‍ നടത്തിയ പരിശോധനയില്‍ ബേബി പൗഡറില്‍ ആസ‌്ബെസ്റ്റോസ് അടങ്ങിയതായി തെളിഞ്ഞിരുന്നു. എന്നാല്‍, 1972 ഡിസംബറിനും 1973 ഒക്ടോബറിനും ഇടയില്‍ ഉല്‍പ്പാദിപ്പിച്ച ബേബി പൗഡറിന്റെ ഒരു സാമ്പിളിലും ആസ‌്ബെസ്റ്റോസ് കണ്ടെത്തിയിട്ടില്ലെന്നാണ് യുഎസ് ഫുഡ് ആൻഡ‌് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് കമ്പനി ഉറപ്പുനല്‍കിയത്.
എന്നാൽ, ഉൽപ്പന്നങ്ങളിൽ ഒരുവിധത്തിലുള്ള സുരക്ഷാപ്രശ്‌നവുമില്ലെന്ന് കമ്പനി അറിയിച്ചു. ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച പരിശോധനകള്‍ നടത്തി 100 ശതമാനം സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയശേഷമാണ് ബേബി പൗഡര്‍ വിപണിയിലെത്തിക്കുന്നതെന്ന‌് കമ്പനി അറിയിച്ചു.









0 comments