ട്രംപിന‌് ഇരട്ട പ്രഹരം: സൗദിക്ക് എതിരായ 2 പ്രമേയം യുഎസ് സെനറ്റ് പാസാക്കി

വാഷിങ‌്ടൺ > യമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനികനീക്കത്തിന് നല്‍കിവരുന്ന സഹായം നിര്‍ത്തണമെന്ന പ്രമേയം അമേരിക്കന്‍ സെനറ്റ് പാസ്സാക്കി. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന‌് സൗദി കിരീടാവകാശി മുഹമ്മദ‌് ബിൻ സൽമാനാണ് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയം സെനറ്റ് ഏകകണ്ഠമായി പാസാക്കി. സ്വന്തം പാർടിയിലെ സെനറ്റർമാരുടെ പിന്തുണയോടെ ഇരു പ്രമേയവും പാസായത‌് സൗദിയുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്ന പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന‌് കനത്ത പ്രഹരമായി.
സൗദിക്ക് നല്‍കുന്ന സൈനിക സഹായം റദ്ദാക്കണമെന്ന പ്രമേയം 41നെതിരെ 56 വോട്ടിനാണ‌് പാസായത‌്. ഏഴു റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ട്രംപിന്റെ നിലപാട്തള്ളി പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സൗദിയുമായി നിലവിലുള്ള ബന്ധം അമേരിക്കയ‌്ക്ക‌് ചേർന്നതല്ലെന്ന‌് റിപ്പബ്ലിക്കൻ പാർടി സെനറ്ററും ട്രംപിന്റെ അടുത്ത അനുയായിയുമായ ലിൻസേ ഗ്രഹാം പറഞ്ഞു.
അമേരിക്കന്‍ നിര്‍മിത അയുധങ്ങള്‍ ഉപയോഗിക്ക് സൗദി യമനില്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ അമേരിക്കയില്‍ ജനകീയവികാരം ശക്തമായതോടെയാണ് സെനറ്റില്‍ പ്രമേയം എത്തിയത്. ഹൗതി വിമതര്‍ക്കെതിരെ സൗദി സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് 2015മുതല്‍ ആക്രമണം തുടരുകയാണ്. യമനിൽ കടുത്ത മനുഷ്യാവകാശലംഘനം തുടരുകയാണെന്ന് ഐക്യരാഷ‌്ട്രസഭ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ മുഹമ്മദ‌് ബിൻ സൽമാന‌് പങ്കുണ്ടെന്ന‌് ചാരസംഘടന സിഐഎ വെളിപ്പെടുത്തിയിരുന്നു.
സിഐഎ ഡയറക്ടർ ഗിന ഹസ‌്പെൽ ഖഷോഗിവധം സംബന്ധിച്ച വിവരങ്ങൾ സെനറ്റർമാർക്ക‌് വിശദീകരിച്ചിരുന്നു. എന്നാൽ, ഇതിനു പിന്നാലെ സൽമാൻ രാജകുമാരനെ പിന്തുണച്ച‌് ട്രംപ‌് രംഗത്ത‌് വന്നിരുന്നു. സെനറ്റില്‍ പാസായ പ്രമേയം യുഎസ് കോണ്‍ഗ്രസില്‍ എത്തിയാല്‍ അതിനെ അതിജീവിക്കാന്‍ ട്രംപിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.









0 comments