ഛിന്നഗ്രഹ നിരീക്ഷണം; നാസയുടെ ഉപഗ്രഹം നിർണായക ഘട്ടത്തിലേക്ക‌്

വാഷിങ‌്ടൺ > ഭൂമിയിൽ വന്നിടിക്കാൻ ഏറെ സാധ്യത കൽപിക്കുന്ന ‘ബെന്നു’ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാനായി നാസ വിക്ഷേപിച്ച ഉപഗ്രഹം നിർണ്ണായക ഘട്ടത്തിലേക്ക‌് കടന്നു. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഏറ്റവും സാധ്യത കൽപിക്കുന്ന ഛിന്നഗ്രഹങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ബെന്നുവിന‌് സമീപം നാസയുടെ ഒസിരിസ‌്–-റെക‌്സ‌് ഉപഗ്രഹം എത്തി.
ഛിന്നഗ്രഹം ഭൂമിക്ക് എത്രമാത്രം ഭീഷണിയാണെന്ന‌് അറിയാനാണ‌് ശ്രമം. ബെന്നുവിനെ ബഹിരാകാശത്തുവച്ച‌് തന്നെ സ‌്ഫോടനത്തിലൂടെ തകർക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകളും പുരോഗമിക്കുകയാണ‌്.
ഛിന്നഗ്രഹത്തിൽ നിന്ന‌് സാംപിൾ സ്വീകരിക്കുകയെന്ന പ്രധാന ദൗത്യമാണ‌് ഒസിരിസിനുള്ളത‌്. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഛിന്നഗ്രഹം ഭൂമിയിലെത്തുമോ എന്ന‌് മനസിലാക്കാൻ ഇതിന്റെ ഘടന മനസിലാക്കേണ്ടതുണ്ട‌്. അതിന്റെ ഭാഗമായാണ‌് സാംപിൾ ശേഖരിക്കുന്നത‌്. ബെന്നുവിന്റെ ആദ്യഘട്ട സർവേ മേഖലയിലാണ‌് ഒസിരിസ‌്. വൈകാതെ ഛിന്നഗ്രഹത്തിന്റെ ഗുരുത്വാകർഷക വലയത്തിലേക്ക‌് ആകർഷിക്കപ്പെടും. അതോടെ ബെന്നുവിന‌് ചുറ്റും ഒസിരിസ‌് ഭ്രമണം ശക്തമാകും.
2020 ജൂലൈ 20നാണ‌് സാംപിൾ ശേഖരണമെന്ന നിർണായക ഘട്ടം ഒസിരിസ‌് പൂർത്തിയാക്കുക. ഇതോടെ ഒസിരിസിന്റെ മടക്കയാത്ര തുടങ്ങും. ഒരു പ്രത്യേക ക്യാപ‌്സൂളിൽ സൂക്ഷിക്കുന്ന ഛിന്നഗ്രഹത്തിന്റെ സാംപിൾ പാരച്യൂട്ട‌് വഴി ഭൂമിയിലേക്കിറക്കും. 2023 സെപ‌്തംബറിൽ അമേരിക്കയിലെ യുട്ട മരുഭൂമിയിൽ ക്യാപ‌്സൂൾ ഇറക്കാനാണ‌് നാസയുടെ പദ്ധതി. 2016 സെപ‌്തംബറിലാണ‌് ഒസിരിസ‌് വിക്ഷേപിച്ചത‌്. അടുത്ത 150 വർഷത്തിനകം ഭൂമിയിൽ ബെന്നു വന്നിടിക്കുമോ എന്ന‌് വ്യക്തമാകാൻ 2020ൽ ലഭിക്കുന്ന സാംപിൾ നിർണായകമാണെന്ന‌് നാസയുടെ വക്താവ‌് എറിൻ മോർട്ടൻ പറഞ്ഞു.









0 comments