ഏഴു പതിറ്റാണ്ടിനു ശേഷം മെക്​സിക്കോ ചുവന്നു... ഇടതു നേതാവ്‌ ലോപസ്​ ഒബ്രദോർ അധികാരമേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2018, 08:25 AM | 0 min read

മെക്​സിക്കോ സിറ്റി > ഏഴു പതിറ്റാണ്ടുകൾക്കുശേഷം മെക്​സിക്കോയിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ. പ്രസിഡൻറായി ഇടതു നേതാവ്‌ ആൻഡ്രെസ്​ മാനുവൽ ലോപസ്​ ഒബ്രദോർ(അംലോ) അധികാരമേറ്റു. മുൻ മെക്​സിക്കോ സിറ്റി മേയർ കൂടിയാണ് 65കാരനായ​ ഒബ്രദോർ.

ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് ഒബ്രഡോർ അധികാരത്തിലേറുന്നത്​. എതിരാളിയായ മുൻ പ്രസിഡൻറ്​ എൻറിക്​ പെന നീറ്റോക്ക്​ 24 ശതമാനം വോട്ടുകൾ മാത്രമാണ്​ ലഭിച്ചത്​. നവലിബറൽ നയങ്ങളുടെയും അമേരിക്കയുടെയും കടുത്ത വിമർശകൻ കൂടിയാണ്‌ ഒബ്രദോർ.

സത്യപ്രതിജ്ഞക്കു ശേഷം രാജ്യത്തെ അഭിസംബോധനചെയ്‌ത ഒബ്രദോർ നവലിബറൽ സാമ്പത്തിക നയങ്ങളെ രൂക്ഷമായ ഭാഷയിലാണ്‌ വിമർശിച്ചത്‌. നവലിബറലിസം ഒരു വലിയ ദുരന്തമായിത്തീർന്നിരിക്കുകയാണ്‌. നമ്മെ രക്ഷിക്കാനെന്ന പേരിൽ അവതിരിപ്പിച്ച ഊർജനയപരിഷ്‌കരണം രാജ്യത്തെ ഇന്ധന ഉൽപ്പാദനം കുറയാനാണ്‌ ഇടയാക്കിയത്‌.  ഇന്ധന‐വൈദ്യുതി നിരക്ക് വർധനവിനും ഇത്‌ കാരണമായി. നിയോലിബറലിസത്തിന്‌ മുൻപ്‌ ഗ്യാസ്‌‐ഡീസൽ ഉൽപ്പാദനത്തിൽ നാം സ്വയം പര്യാപ്‌തരായിരുന്നെങ്കിൽ ഇന്ന്‌ നാം പകുതിയിലധികവും ഇറക്കുമതി ചെയ്യുന്നു. ‐ ഒബ്രദോർ പറഞ്ഞു.

സത്യപ്രതിജ്ഞക്കു ശേഷം ഒബ്രദോർ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

രാജ്യത്തെ വർഷങ്ങളായി അലട്ടുന്ന അഴിമതിക്കും ദാരിദ്ര്യത്തിനും അവസാനം കാണുമെന്നും കഴിഞ്ഞ ഒരു ദശകത്തോളമായി രാജ്യം നേരിടുന്ന രക്തരൂക്ഷിത അക്രമങ്ങള്‍ക്ക് തടയിടുമെന്നും ഒബ്രദോര്‍ അദ്ദേഹം ജനങ്ങൾക്ക്​ ഉറപ്പുനൽകി. അമേരിക്കയിൽ മാന്യമായി ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ മെക്​സിക്കൻ അഭയാർഥികളുടെ സുരക്ഷയിൽ ഊന്നിയ ബന്ധമാണ്​ തങ്ങൾ ആഗ്രഹിക്കുന്നതെന്നും​ ഒബ്രദോർ ചടങ്ങിൽ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ വിവാദമായ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികൾ നിർത്തലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വെനിസ്വേലൻ പ്രസിഡൻറ്​ നികോളാസ്​ മദൂറോ, യുഎസ്​ വൈസ്​ പ്രസിഡൻറ്​ മൈക്​ പെൻസ്​, ഒബ്രദോറിന്റെ അടുത്ത സുഹൃത്തും ബ്രിട്ടീഷ്​ ലേബർ പാർടി നേതാവുമായ ജെറമി കോർബിൻ, ഡോണൾഡ്‌ ട്രംപി​ന്റെ മകൾ ഇവാൻക ട്രംപ്​ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home