റിപ്പബ്ലിക്കൻ പാർടി ചരിത്രം സൃഷ്ടിച്ചെന്ന‌് ട്രംപ‌് ; പ്രതിപക്ഷവുമായി സഹകരിച്ച‌് പ്രവർത്തിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2018, 09:04 PM | 0 min read

വാഷിങ‌്ടൺ
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടായിട്ടും അവകാശവാദവുമായി  പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. റിപ്പബ്ലിക്കൻ പാർടി ചരിത്രം സൃഷ്ടിച്ചെന്ന‌് ട്രംപ‌് പറഞ്ഞു. മുൻകാലങ്ങളിലൊന്നും ഭരണകക്ഷിക്ക‌് ഇടക്കാല തെരഞ്ഞെടുപ്പിൽ ഇതുപോലെ നേട്ടമുണ്ടാക്കാനായിട്ടില്ലെന്നും ട്രം‌പ‌് അവകാശപ്പെട്ടു. പ്രതിപക്ഷ കക്ഷിയായ ഡെമേ‌ാക്രാറ്റിക‌് പാർടിയുമായി സഹകരിച്ച‌് ഭരണം മുന്നോട്ടുകൊണ്ടുപോകുമെന്നും ഡെമേ‌ാക്രാറ്റുകളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും ട്രംപ‌് പറഞ്ഞു.

സെനറ്റിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ചതിലൂടെ റിപ്പബ്ലിക്കൻ പാർടി മികച്ച പ്രകടനമാണ‌് കാഴ‌്ചവച്ചതെന്ന‌് ട്രംപ‌് വൈറ്റ‌് ഹൗസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനപ്രതിനിധിസഭയിലെ തിരിച്ചടിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട‌് ട്രംപ‌് പ്രതികരിച്ചില്ല. മാധ്യമങ്ങൾ പൂർണമായും അവഗണിക്കുകയും സർക്കാരിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തുകയും ചെയ‌്തിട്ടും സെനറ്റിൽ ഭൂരിപക്ഷം നേടാനായെന്ന‌് ട്രംപ‌് പറഞ്ഞു.

435 അംഗ ജനപ്രതിനിധി സഭയിൽ 223 സീറ്റുകളാണ‌് ഡെമേ‌ാക്രാറ്റിക‌് പാർടി നേടിയത‌്. ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർടി 193 സീറ്റുകളിൽ ഒതുങ്ങി. ജനപ്രതിനിധി സഭയിൽ എട്ടുവർഷത്തിന‌് ശേഷം ഡെമേ‌ാക്രാറ്റുകൾ ഭൂരിപക്ഷം നേടിയത‌് ട്രംപിനേറ്റ കനത്ത തിരിച്ചടിയായാണ‌് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത‌്. 35 സീറ്റിലേക്ക‌് തെരഞ്ഞെടുപ്പ‌് നടന്ന നൂറംഗ സെനറ്റിൽ 51 സീറ്റുമായി നേരിയ ഭൂരിപക്ഷം നിലനിർത്താനായത‌് മാത്രമാണ‌് റിപ്പബ്ലിക്കൻ പാർടിക്ക‌് ആശ്വാസത്തിന‌് വകനൽകുന്നത‌്. സെനറ്റിൽ ഡെമേ‌ാക്രാറ്റിക‌് പർടിയുടെ അംഗബലം 44  ആണ‌്. തന്റെ നേതൃത്വത്തിൽ ശക്തമായ പ്രചാരണം നടത്തിയിട്ടും റിപ്പബ്ലിക്കൻ പാർടി കനത്ത തിരിച്ചടി നേരിട്ടത‌ും ട്രംപിന‌് കനത്ത പ്രഹരമായി. 60 ദിവസത്തിനിടെ 30 തെരഞ്ഞെടുപ്പ‌് റാലികളിലാണ‌് ട്രംപ‌് പങ്കെടുത്തത‌്.

അറ്റോർണി ജനറൽ രാജിവച്ചു  ; ക്യാബിനറ്റിൽ അഴിച്ചുപണിക്ക‌് സാധ്യത
വാഷിങ‌്ടൺ
ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർടിക്ക‌് കനത്ത തിരിച്ചടിയേറ്റതിന‌് പിന്നാലെ യുഎസ‌് അറ്റോർണി ജനറൽ ജെഫ‌് സെഷൻസിനെ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് പുറത്താക്കി.

ട്രംപിന്റെ നിർദ്ദേശത്തെ  തുടർന്ന‌് രാജിവയ‌്ക്കുയാണെന്ന‌് രാജിക്കത്തിൽ സെഷൻസ‌് വ്യക്തമാക്കി. അറ്റോർണി ജനറലായി മാത്യു വിറ്റേക്കറെ താൽക്കാലികമായി നിയമിച്ചു. സ്ഥിരനിയമനം വൈകാതെയുണ്ടാകുമെന്ന‌് ട്രംപ‌് ട്വീറ്റ‌് ചെയ‌്തു.

കാബിനറ്റിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന‌് ട്രംപ‌് പറഞ്ഞു. ഉന്നത ഉദ്യോഗതലത്തിലും മാറ്റങ്ങളുണ്ടായേക്കും. വൈറ്റ‌് ഹൗസ‌് പ്രസ‌് സെക്രട്ടറി സാറ സാൻഡേഴ‌്സ‌ിനെയും ആഭ്യന്തര സെക്രട്ടറി റ്യാൻ സിംഗയെയും ട്രംപ‌് പുറത്താക്കിയേക്കുമെന്ന‌് മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു.



deshabhimani section

Related News

View More
0 comments
Sort by

Home