അതിജീവിക്കുമെന്ന‌് ഇറാൻ: ഇറാനെതിരെ യുഎസ‌ി‌ന്റെ പൂർണ ഉപരോധം പ്രാബല്യത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2018, 05:26 PM | 0 min read


വാഷിങ‌്ടൺ
ഇറാനെതിരായ ഉപരോധം അമേരിക്ക പൂർണമായി പുനരുജ്ജീവിപ്പിച്ചു. തിങ്കളാഴ‌്ചയാണ‌് പൂർണമായ  ഉപരോധം പ്രാബല്യത്തിൽ വന്നത‌്. 2015ലെ ആണവകരാറിൽനിന്ന‌് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിന‌ു പിന്നാലെയാണ‌് ഇറാനെതിരെ വീണ്ടും ഉപരോധങ്ങൾ അടിച്ചേൽപ്പിച്ചത‌്. എണ്ണവ്യാപാരം തടയുന്നത് ഉള്‍പ്പെടെയുള്ള കടുത്തനടപടികളാണ‌്  സ്വീകരിച്ചത‌്. നടപടിക്കെതിരെ റഷ്യയുള്‍പ്പെടെ  രാജ്യങ്ങള്‍ രംഗത്തുണ്ട്. ഉപരോധം ആഗോള എണ്ണവിപണിയെ പ്രതികൂലമായി ബാധിക്കും. 2015ലെ ആണവകരാറിനെ തുടർന്ന് മരവിപ്പിച്ച ഉപരോധം വെള്ളിയാഴ്ച മുതൽ വീണ്ടും പ്രാബല്യത്തിൽ വന്നിരുന്നു. ഇതാണ‌് തിങ്കളാഴ‌്ച പൂർണമായി  അടിച്ചേൽപ്പിച്ചത‌്.

എണ്ണവ്യാപാരത്തിന‌ു പുറമെ ചരക്കുവ്യാപാരം, സാമ്പത്തികം, ഊർജം, ഇൻഷുറൻസ‌് അടക്കമുള്ള സുപ്രധാന മേഖലകളിലാണ‌് ഉപരോധം. ഉപരോധത്തെ ചെറുത്തുതോൽപ്പിക്കുമെന്ന‌് ഇറാൻ പ്രസിഡന്റ‌് ഹസ്സൻ റൂഹാനി പറഞ്ഞു. ഇറാന്റെ എണ്ണവ്യാപാരം പൂജ്യത്തിലെത്തിക്കാനാണ‌് അമേരിക്ക ആഗ്രഹിക്കുന്നത‌്. അത‌് നടക്കില്ല. ഞങ്ങൾ ഇനിയും എണ്ണവ്യാപാരം നടത്തും. അമേരിക്കയുടെ ഉപരോധത്തെ ചെറുത്തുതോൽപ്പിക്കും–- റൂഹാനി പറഞ്ഞു. അമേരിക്കയുടെ മനോയുദ്ധമാണ‌് ഇറാനുമേലുള്ള പുതിയ ഉപരോധമെന്ന‌് ഇറാൻ വിദേശകാര്യ വക്താവ‌് ബറാം ഖാസിമി പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട ട്രംപ് ഭരണകൂടം കാത്തിരിക്കുന്നത് വലിയ തകർച്ചയാണെന്ന് തെഹ്റാനിൽ ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധമാണ് ഇറാനെതിരെ നടപ്പാക്കുന്നതെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് ട്വീറ്റ‌് ചെയ‌്തു.  ഇന്ത്യയുൾപ്പെടെ എട്ടു രാജ്യത്തിന‌് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇളവ് നൽകിയതായി റിപ്പോർട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ  ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home