ഉപരോധം പിൻവലിച്ചില്ലെങ്കിൽ വീണ്ടും ആണവപരീക്ഷണം: -ഉത്തരകൊറിയ

സോൾ
തങ്ങൾക്കെതിരായ സാമ്പത്തിക ഉപരോധം പൂർണമായും പിൻവലിക്കാൻ അമേരിക്ക തയ്യാറായില്ലെങ്കിൽ ആണവപരീക്ഷണ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന‌് ഉത്തരകൊറിയ. വിദേശ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ‌് ഉത്തരകൊറിയ നിലപാട‌് വ്യക്തമാക്കിയത‌്. ഉത്തരകൊറിയ ആണവപരീക്ഷണങ്ങൾ പൂർണമായും അവസാനിപ്പിച്ചാൽ സാമ്പത്തിക ഉപരോധം പിൻവലിക്കുമെന്ന‌് അമേരിക്ക പറഞ്ഞിരുന്നു. പക്ഷേ, ഉപരോധം തുടരുകയാണ‌്.
അമേരിക്ക നിലപാട‌് മാറ്റിയില്ലെങ്കിൽ ആണവനിലയങ്ങൾ പുനഃസ്ഥാപിച്ച‌് ബാലിസ്റ്റിക‌് മിസൈൽ പരീക്ഷണങ്ങളടക്കം തുടരുമെന്നും അതിലൂടെ സാമ്പത്തികമായി രാജ്യത്തിന‌് മുന്നേറാൻ കഴിയുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ആണവ പരീക്ഷണങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട‌് അമേരിക്കയുമായുണ്ടാക്കിയ കരാറിൽനിന്ന‌് പിൻമാറുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ‌് നൽകി.
അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നും കഴിഞ്ഞ ജൂൺ 12ന‌് സിംഗപ്പൂരിൽ നടത്തിയ കൂടിക്കാഴ‌്ചയിലാണ‌് ആണവപരീക്ഷണം അവസാനിപ്പിക്കുന്നതടക്കമുള്ള നിർണായക തീരുമാനങ്ങൾ എടുത്തത‌്. ആണവ പരീക്ഷണങ്ങളിൽനിന്ന‌് ഉത്തരകൊറിയ പിൻമാറുന്ന മുറയ‌്ക്ക‌് സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികൾ പിൻവലിക്കുമെന്ന‌് അമേരിക്ക ഉറപ്പുനൽകിയിരുന്നു.
കൂടിക്കാഴ‌്ചയ‌്ക്ക‌് ശേഷം തലസ്ഥാനമായ സോളിലെ ആണവപരീക്ഷണശാല ഉത്തരകൊറിയ നശിപ്പിച്ചിരുന്നു. എന്നാൽ, ഉപരോധം പിൻവലിക്കാൻ അമേരിക്ക തയ്യാറായില്ല. ഉത്തരകൊറിയക്കെതിരായ കടുത്ത നടപടി അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന‌് ചൈനയും റഷ്യയുമടക്കമുള്ള രാജ്യങ്ങൾ അമേരിക്കയോട‌് ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും ചെവിക്കൊള്ളാത്ത നിലപാടാണ‌് ട്രംപ‌് ഭരണകൂടം സ്വീകരിച്ചത‌്.
അടുത്തയാഴ‌്ച ഉത്തരകൊറിയൻ അധികൃതരുമായി കൂടിക്കാഴ‌്ചയ‌്ക്ക‌് തയ്യാറെടുക്കുകയാണെന്ന‌് അമേരിക്കൻ വിദേശ സെക്രട്ടറി മൈക്ക‌് പോംപിയോ പറഞ്ഞു. സിംഗപ്പൂർ ഉച്ചകോടിയിൽ അമേരിക്കയുമായി ഒപ്പുവച്ച കരാർ പൂർണമായും നടപ്പാക്കുംവരെ ഉത്തരകൊറിയക്കെതിരായ ഉപരോധം തുടരുമെന്ന‌് പോംപിയോ വ്യക്തമാക്കി.









0 comments