ലുബാന്‍ ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു; നേരിടാന്‍ ഒമാനില്‍ വിപുലമായ തയ്യാറെടുപ്പ്

മനാമ > അറബികടലില്‍ രൂപം കൊണ്ട 'ലുബാന്‍' ചുഴലികാറ്റിനെ നേരിടാന്‍ ഒമാന്‍ വിപുലമായ തയ്യാറെടുപ്പില്‍. യെമനോടൊപ്പം ഒമാനിലെ ദോഫര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. എല്ലാ വകുപ്പുകളും വേണ്ട തയ്യാറെടുപ്പ് നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഒമാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ദോഫര്‍ ഗവര്‍ണറേറ്റിന്റെ തലസ്ഥാനമായ സലാലിയില്‍ നിന്നും 830 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 92 മുതല്‍ 101 കിലോമീറ്റര്‍ വരെ വേഗമുണ്ടെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റിയുടെ ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറഞ്ഞു. തിങ്കളാഴ്ച 74 കിലോമീറ്റര്‍ വരെയായിരുന്നു വേഗമെങ്കില്‍ ചൊവ്വാഴ്ച കൂടയ വേഗം മണിക്കൂറില്‍ നൂറു കിലോമീറ്ററും കടന്നു.
ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തില്‍ അടിയന്തിര സര്‍വീസുകളെ വിന്യസിച്ചതായി സിവില്‍ ഡിഫന്‍സ് ദേശീയ സമിതി ഡയറക്ടര്‍ ഫൈസല്‍ അല്‍ ഹജ്രി അറിയിച്ചു. ഭക്ഷണവും വെള്ളവുമടക്കമുള്ള അവശ്യ വസ്തുക്കള്‍ സംഭരിക്കാനാണ് ഇത്തവണ മുന്‍ഗണ നല്‍കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറെടുത്തിട്ടുണ്ട്. എന്നാല്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. അത്തരം സാഹചര്യം വന്നാല്‍ അതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരകേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സലാല വിമാനതാവളത്തിലും തുറമുഖത്തും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ മെയ് അവസാനത്തില്‍ വീശിയ മെക്കനു ചുഴലിക്കാറ്റിന്റെ അത്ര തീവ്രമായിരിക്കില്ല ലുബാന്‍ എന്നാണ് കണക്കുകൂട്ടല്‍. ഇപ്പോഴത്തെ കാറ്റിന്റെ ഗതി നോക്കിയാല്‍ ഒമാന്‍ തീരങ്ങളിലൂടെ കടന്നു പോകാതെ ഏദന്‍ കടലിടുക്ക് വഴി പടിഞ്ഞാറോട്ട് നീങ്ങാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് അടുക്കാന്‍ തുടങ്ങിതോടെ ഒമാന്‍, യെമന്‍ തീരങ്ങളില്‍ ആകാശം മേഘാവൃതമാകകാന്‍ തുടങ്ങി. യെമനില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ലുബാന്‍ അനുഭവപ്പെട്ടേക്കും. സോമാലിയായിലും കനത്ത മഴയും കടല്‍ ക്ഷോഭവും അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഉഷ്ണമേഖല ചുഴലിക്കാറ്റുകള്‍ അറേബ്യന്‍ ഉപഭൂണ്ഡത്തെ ബാധിക്കാറുണ്ട് എന്നാല്‍ കാറ്റ് കരയോടടുക്കുന്നതോടെ ദുര്‍ബലമാകാറാണ് പതിവ്. കഴിഞ്ഞ മെയ് 19ന് സാഗര്‍ ചുഴലിക്കാറ്റ് ഗള്‍ഫ് ഓഫ് ഏദന്‍ മേഖലയില്‍ പ്രത്യേകിച്ചും സോമാലിയായില്‍ കനത്ത നാശം വിതച്ചു. തുടര്‍ന്നു മെയ് 23, 24ന് എത്തിയ മെകുനു സലാല മേഖലയില്‍ വന്‍ നാശനഷടമുണ്ടാക്കി. 24 ഇഞ്ച് മഴയാണ് നാലു ദിവസത്തിനകം സലാലയില്‍ ലഭിച്ചത്. 2010ല്‍ ഫെറ്റും 2007ല്‍ ഗോനുവും ഒമാനില്‍ വെള്ളപ്പൊക്കവും ആള്‍ നാശവും ഉണ്ടാക്കിയിരുന്നു.









0 comments