കിമ്മുമായി ഉടൻ ഉച്ചകോടി: ട്രംപ‌്

വാഷിങ‌്ടൺ
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നുമായി രണ്ടാമത്തെ ഉച്ചകോടി ഉടനുണ്ടാകുമെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. ഐക്യരാഷ‌്ട്രസഭാ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ‌് ട്രംപ‌് കൂടിക്കാഴ‌്ച സംബന്ധിച്ച വിവരം പുറത്തുവിട്ടത‌്. പ്രസംഗത്തിനിടെ കിമ്മിനെ പ്രശംസിക്കാനും ട്രംപ‌് മറന്നില്ല. കൊറിയൻ മേഖലയെ ആണവനിരായുധീകരണത്തിലേക്ക‌് നയിക്കാൻ കിം എടുക്കുന്ന നടപടികൾ അഭിനന്ദനാർഹമാണ‌്. ഇപ്പോൾ ഉത്തരകൊറിയയിൽനിന്ന‌് മിസൈലുകളോ റോക്കറ്റുകളോ പറക്കുന്നില്ല. സമാധാനത്തിലേക്ക‌് കാര്യങ്ങൾ നീങ്ങുകയാണ‌്.
അത‌് പൂർത്തീകരിക്കാൻ കുറേ കാര്യങ്ങൾകൂടി ചെയ്യാനുണ്ടെന്നും ട്രംപ‌് പറഞ്ഞു. ഈയൊരു സന്ദർഭത്തിലേക്ക‌് എത്തിക്കാൻ സഹായിച്ച ദക്ഷിണകൊറിയ, ജപ്പാൻ, ചൈന നേതാക്കൾക്ക‌് ട്രംപ‌് നന്ദി അറിയിച്ചു. വീണ്ടും കൂടിക്കാഴ‌്ച നടത്താമെന്ന കിമ്മിന്റെ നിർദേശം സ്വാഗതംചെയ്യുന്നതായും വേഗം അത‌് നടക്കുമെന്നും ട്രംപ‌് പറഞ്ഞു. ഈ വർഷം അവസാനത്തോടെ പ്യോങ‌്‌യാങ്ങിലെത്തി കൂടിക്കാഴ‌്ചയ‌്ക്കുള്ള ഒരുക്കങ്ങൾ നടത്തുമെന്ന‌് അമേരിക്കൻ വിദേശ സെക്രട്ടറി മൈക്ക‌് പോംപിയോ പറഞ്ഞു.
അതേസമയം ഡോണൾഡ‌് ട്രംപ‌്–കിം ജോങ‌് അൻ കൂടിക്കാഴ‌്ചയും കിം–മൂൺ ജെഇൻ കൂടിക്കാഴ‌്ചകളും കൊറിയൻ മേഖല ആണവനിരായുധീകരണത്തിലേക്ക‌് നീങ്ങുന്നതിന്റെ ശുഭസൂചനയാണെന്ന‌് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറെസ‌് പറഞ്ഞു. ലോകസമാധാനത്തിനുള്ള നീക്കങ്ങൾക്ക‌് ഇത‌് വേഗം കൂട്ടും. പ്രതീക്ഷയുടെ ചിറകുകൾ ലോകത്തെ വലംവയ‌്ക്കുകയാണെന്നും ഗുട്ടിറെസ‌് കൂട്ടിച്ചേർത്തു.









0 comments