ഉത്തരകൊറിയയുമായി ആണവചർച്ച പുനഃരാരംഭിക്കാൻ യുഎസ‌്

വാഷിങ‌്ടൺ
ഉത്തരകൊറിയയുമായുള്ള ആണവചർച്ച പുനഃരാരംഭിക്കുമെന്ന‌് അമേരിക്കൻ വിദേശ സെക്രട്ടറി മൈക്ക‌് പോംപിയോ. പ്യോങ‌്‌യാങ‌് ഉച്ചകോടിയിൽ ഉത്തരകൊറിയൻ നേതാവ‌് കിം ജോങ‌് അന്നും ദക്ഷിണ കൊറിയൻ നേതാവ‌് മൂൺ ജെ ഇന്നും സുപ്രധാനമായ നിരവധി കരാറുകളിൽ ഒപ്പുവച്ചിരുന്നു.
തങ്ങളുടെ പ്രധാന ആണവപരീക്ഷണശാലയായ യോങ‌്ബ്യോനിലെ ആണവസമുച്ചയം അടയ‌്ക്കാൻ ഉത്തരകൊറിയ ഉച്ചകോടിയിൽ സമ്മതം അറിയിക്കുകയും ചെയ‌്തു. ഈ സാഹചര്യത്തിലാണ‌് അമേരിക്കയുടെ പുതിയ നീക്കം.
കൊറിയൻ മുനമ്പിനെ ആണവമുക്തമാക്കുമെന്ന ഇരു കൊറിയയകളുടെയും പ്രഖ്യാപനത്തെ മൈക്ക‌് പോംപിയോ സ്വാഗതംചെയ‌്തു. 2021ഓടെ മേഖലയെ ആണവമുക്തമാക്കാൻ കഴിയുമെന്നാണ‌് പ്രതീക്ഷ. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധത്തിൽ ഇത‌് പുതിയൊരു തുടക്കമാകും.
അടുത്തയാഴ‌്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്ര സംഘടന ജനറൽ അസംബ്ലിയിൽ വച്ച‌് ഉത്തരകൊറിയൻ വിദേശമന്ത്രി റി യോങ‌്ഹോയുമായി ചർച്ചയ‌്ക്ക‌് തയ്യാറാണെന്ന‌് മൈക്ക‌് പോംപിയോ അറിയിച്ചു. വിയന്നയിൽവച്ച‌് ഉത്തരകൊറിയൻ പ്രതിനിധികളുമായി കൂടിക്കാഴ‌്ചയ‌്ക്ക‌് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.









0 comments