വി എസ‌് നയ‌്പാൾ അന്തരിച്ചു

ലണ്ടൻ
വിഖ്യാത സാഹിത്യകാരനും നൊബേൽ, ബുക്കർ പുരസ‌്കാര ജേതാവുമായ വി എസ‌് നയ‌്പാൾ അന്തരിച്ചു. 85 വയസ്സായിരുന്നു. ലണ്ടനിലെ വസതിയിൽ ശനിയാഴ‌്ച രാത്രിയായിരുന്നു അന്ത്യമെന്ന‌് ബന്ധുക്കൾ അറിയിച്ചു. വിദ്യാധർ സൂരജ‌്പ്രസാദ‌് നയ‌്പാൾ എന്നാണ‌് പൂർണപേര‌്. ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാരുടെ മകനായി ട്രിനാഡാഡ‌് ആൻഡ‌് ടുബാഗോയിലെ ചാഗുവാനാസിൽ 1932 ആഗസ‌്ത‌് 17നാണ‌് ജനനം. 1950ൽ സ‌്കോളർഷിപ്പോടെ ഓക‌്സ‌്ഫഡ‌് സർവകലാശാലയ‌്ക്കുകീഴിൽ പഠിക്കാൻ അവസരം ലഭിച്ചതോടെ അദ്ദേഹം ഇംഗ്ലണ്ടിലേക്ക‌് ചേക്കേറി. അരനൂറ്റാണ്ടിലേറെയായി ബ്രിട്ടനിൽ കഴിയുന്ന നയ‌്പാളിന്റെ വേരുകൾ ഉത്തർപ്രദേശിലെ ബ്രാഹ്മണകുടുംബത്തിലാണ‌്.
ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തരായ എഴുത്തുകാരുടെ മുൻനിരയിൽ പരിഗണിക്കപ്പെടുന്ന നയ‌്പാളിന‌് 1971ൽ ബുക്കർ പുരസ‌്കാരവും 2001ൽ സാഹിത്യ നൊബേലും ലഭിച്ചു. നോവലുകളിലൂടെയും യാത്രാവിവരണങ്ങളിലൂടെയുമാണ‌് സുപരിചിതനായത‌്. 1957ൽ ആദ്യനോവലായ ദി മിസ‌്റ്റിസ‌് മെസ്സർ പ്രസിദ്ധീകരിച്ചു. മിഗേൽ സ‌്ട്രീറ്റ‌്, എ ഹൗസ‌് ഫോർ മിസ‌്റ്റർ ബിസ്വാസ‌്, ദ എനിമ ഓഫ‌് അറൈവൽ, ദി മിമിക‌് മെൻ, എ ബെൻഡ‌് ഇൻ ദി റിവർ, ഇന്ത്യ: എ വൂൻഡഡ‌് സിവിലൈസേഷൻ, ഏൻ ഏരിയ ഓഫ‌് ഡാർക്ക‌്നസ‌്, ഇന്ത്യ: എ മില്യൺ മിനിറ്റ‌്സ‌് നൗ എന്നിവയാണ‌് പ്രധാന കൃതികൾ. മുപ്പതിലേറെ പുസ‌്തകങ്ങൾ രചിച്ചു.പാട്രിഷ്യ ആൻ ഹെയിലാണ‌് ആദ്യഭാര്യ. 1996ൽ ഇവരുടെ മരണത്തെതുടർന്ന‌് പാകിസ്ഥാനി പത്രപ്രവർത്തക നദീറ ഖാൻ അൽവിയെ വിവാഹം ചെയ‌്തു.









0 comments