യാങ‌്റോയ‌് ഗുഹയിൽനിന്നും ജീവിതത്തിലേക്ക‌് ആദ്യം നാലുപേർ

ബാങ്കോക‌്>രണ്ടാഴ‌്ചയായി വടക്കൻ തായ്‌ലൻഡിലെ യാങ‌്റോയ‌് ഗുഹയിൽ കുടുങ്ങിക്കിടക്കുന്ന 13 അംഗ സംഘത്തിലെ നാല് കുട്ടികളെ പുറത്തെത്തിച്ചു. ഒമ്പത‌് മണിക്കൂർ നീണ്ട അടിയന്തര രക്ഷാദൗത്യത്തിന‌് ഒടുവിലാണിത‌്. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ചിയാങ് റായ‌് ആശുപത്രിയിലെത്തിച്ച് ഒന്നാം രക്ഷാദൗത്യം നിർത്തി. പത്തുമണിക്കൂറിനുശേഷം തിങ്കളാഴ‌്ച രാവിലെ പുനരാരംഭിക്കും. 12 കുട്ടികളും ഫുട്ബോൾ പരിശീലകനും അടങ്ങുന്ന സംഘം ജൂൺ 23 നാണ‌് ഗുഹയിൽ കുടുങ്ങിയത‌്.
ഞായറാഴ‌്ച രാവിലെ പത്തിനാണ‌് കുട്ടികളെ പുറത്തെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചത‌്. 13 അംഗ രാജ്യാന്തര നീന്തൽസംഘവും അഞ്ച‌് തായ് മുങ്ങൽവിദഗ്ധരും അടക്കം 18 പേരാണ‌് രക്ഷാപ്രവർത്തനത്തിന‌് നേതൃത്വം നൽകിയത‌്. നാലു സംഘങ്ങളായാണ‌് കുട്ടികളെ പുറത്തെത്തിക്കുന്നത‌്. പ്രതീക്ഷിച്ചതിനേക്കാൾ രണ്ടു മണിക്കൂർ നേരത്തെ ആദ്യത്തെ കുട്ടിയെ പുറത്തെത്തിച്ചതോടെ രക്ഷാദൗത്യം വിജയമാകുന്നതിന്റെ സൂചന ലഭിച്ചു. പിന്നാലെ മൂന്നു കുട്ടികളെയും. അവശേഷിക്കുന്ന കുട്ടികളും കോച്ചും പുറത്തേക്കുള്ള വഴിയിലാണ‌് . കോച്ച‌് അവസാനത്തെ സംഘത്തിനൊപ്പമാണ‌്. ആരോഗ്യനില വഷളായ കുട്ടികളെയാണ‌് ആദ്യം കൊണ്ടുവന്നത‌്. കുട്ടികളുടെ ആരോഗ്യനില വിലയിരുത്തി ഓസ്ട്രേലിയൻ ഡോക്ടർമാരുടെ സംഘം പട്ടിക തയ്യാറാക്കിയിരുന്നു. ഗുഹാമുഖത്തിനടുത്ത‌് ആംബുലൻസുകളും എയർ ആംബുലൻസുകളും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ഒരുക്കി.
ഓരോ കുട്ടിക്കുമൊപ്പം മുങ്ങൽവിദഗ‌്ധനും നീന്തുന്ന ബഡ്ഡി ഡൈവും എന്ന രീതിയാണ‌് രക്ഷാപ്രവർത്തനത്തിന‌് സ്വീകരിച്ചത‌്. നീന്തൽ വസ‌്ത്രങ്ങളും ഓക‌്സിജൻ മാസ‌്കും ധരിപ്പിച്ചാണ‌് കുട്ടികളെ പുറത്തെത്തിച്ചത‌്. നീന്തലറിയാത്ത കുട്ടികൾക്ക‌് സഹായത്തിനായി വെള്ളത്തിനടിയിൽ കയറുമിട്ടു. വെള്ളത്തിനടിയിലൂടെ എങ്ങനെ നീങ്ങണമെന്ന‌് കഴിഞ്ഞ ദിവസം കുട്ടികൾക്ക‌് പരിശീലനം നൽകി. തായ‌്‌ലൻഡ‌് നേവിയുടെ നേതൃത്വത്തിലാണ‌് പദ്ധതി ആവിഷ‌്കരിച്ചത‌്. കനത്ത മഴ കാരണം ഗുഹയ‌്ക്കുള്ളിൽ വൻതോതിൽ വെള്ളം കയറിയതാണ‌് ആദ്യദിനങ്ങളിൽ രക്ഷാപ്രവർത്തനത്തിന‌് തിരിച്ചടിയായത‌്.
മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് താഴ‌്ന്നു. രക്ഷാപ്രവർത്തകർക്ക‌് ഗുഹയ‌്ക്കുള്ളിലേക്ക‌് കടക്കാനും കുട്ടികളെ പുറത്തെത്തിക്കാനും ഉചിത സമയം ആണെന്ന‌് ഞായറാഴ‌്ച രാവിലെയോടെ വിലയിരുത്തുകയും അന്തിമദൗത്യത്തിനുള്ള പദ്ധതി തയ്യാറാക്കുകയുമായിരുന്നു. രാവിലെ ഗുഹാപരിസരത്ത‌് തടിച്ചുകൂടിയ മാധ്യമപ്രവർത്തകരടക്കമുള്ളവരെ ഒഴിപ്പിച്ചു. ഗുഹയ‌്ക്കുള്ളിൽ വായുസഞ്ചാരം കുറവായതിനാൽ ഓക്സിജൻ ടാങ്കുകൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിനിടെ ശ്വാസംമുട്ടി ഒരാൾ മരിച്ച സാഹചര്യംകൂടി കണക്കിലെടുത്തായിരുന്നു ഇത‌്. ഞായറാഴ‌്ചത്തെ രക്ഷാപദ്ധതിയെക്കുറിച്ച‌് കുട്ടികളുടെ കുടുംബങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നു.









0 comments