ട്രംപിനെ ഉത്തരകൊറിയയിലേക്ക‌് ക്ഷണിച്ച‌് കിം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 13, 2018, 05:39 PM | 0 min read

സോൾ > സിംഗപ്പൂരിൽ നടന്ന ചരിത്രപ്രധാന ഉച്ചകോടിക്ക‌് പിന്നാലെ അമേരിക്കൻ പ്രസിഡന്റിനെ ഉത്തരകൊറിയയിലേക്ക‌് ക്ഷണിച്ച‌് കിം ജോങ‌് അൻ. കിമ്മിന്റെ ക്ഷണം ട്രംപ‌് സ്വീകരിച്ചതായി ദക്ഷിണ കൊറിയൻ ദേശീയ മാധ്യമം റിപ്പോർട്ട‌് ചെയ‌്തു. ഇരുരാജ്യത്തിനുമിടയിൽ രൂപപ്പെട്ടിരുന്ന യുദ്ധസമാന അന്തരീ‌ക്ഷത്തിൽനിന്ന‌് സമാധാനത്തിലേക്കും പരസ‌്പര സഹകരണത്തിലേക്കുമുള്ള മാറ്റമാണ‌് സിംഗപ്പൂർ ഉച്ചകോടിയുടെ ഫലമെന്നും കെസിഎൻഎ ന്യൂസ‌് ഏജൻസി റിപ്പോർട്ട‌് ചെയ‌്തു. ഉച്ചകോടിക്കിടെ അമേരിക്ക സന്ദർശിക്കാൻ കിമ്മിനെ ട്രംപ‌് ക്ഷണിച്ചിരുന്നു.

കൊറിയൻ ഉപദ്വീപിൽ സമ്പൂർണ ആണവനിരായുധീകരണത്തിനായി പ്രവർത്തിക്കുമെന്ന‌് കിം വ്യക്തമാക്കിയിരുന്നു. ഇതോടെ ഉത്തരകൊറിയക്ക‌് സംരക്ഷണം നൽകാനും ഉപരോധം നീക്കാനും ട്രംപ‌് സമ്മതമറിയിക്കുകയും ചെയ‌്തു. ദക്ഷിണ കൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കാനും അമേരിക്ക സമ്മതിച്ചു.

കിമ്മിനെതിരെ കടുത്ത പ്രസ‌്താവനകൾ ഇറക്കിയിരുന്ന ട്രംപ‌് കിമ്മിനെ ഏറെ പ്രശംസിച്ച ശേഷമാണ‌് സിംഗപ്പൂരിൽനിന്ന‌് മടങ്ങിയത‌്. ഏറെ പ്രതിഭാധനനായ ഭരണാധികാരിയാണ‌് കിമ്മെന്നായിരുന്നു ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ഉച്ചകോടിയിലുണ്ടാക്കിയ കരാറിലെ ഉടമ്പടികൾ പ്രാവർത്തികമാക്കാൻ ഇരുനേതാക്കളും സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചിരിക്കും സമാധാന പ്രക്രിയകളുടെ ഭാവി.

ഉത്തരകൊറിയയുടെ ശോഭനമായ ഭാവിക്ക‌ുവേണ്ടി ശക്തമായ ചുവടുവയ‌്പാണ‌് കിം ജോങ‌് അൻ നടത്തിയതെന്ന‌് ഉച്ചകോടിക്ക‌ുശേഷം അമേരിക്കയിലേക്കുള്ള യാത്രാമധ്യേ ട്രംപ‌് ട്വീറ്റ‌് ചെയ‌്തു. സുരക്ഷിതവും സമ്പൽസമൃദ്ധവുമായ പുതുയുഗപ്പിറവിയുടെ തുടക്കമാണ‌് കിമ്മിന്റെ നിലപാടിലൂടെ ഉത്തരകൊറിയൻ ജനതയ‌്ക്ക‌് ലഭിച്ചിരിക്കുന്നത‌്. ആണവ നിരായുധീകരണം ഉറപ്പാക്കുമെന്ന കിമ്മിന്റെ നിലപാട‌് പ്രശംസനീയമാണെന്നും ട്രംപ‌് പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home