കിമ്മിനെ പ്രശംസിച്ച‌് ട്രംപ‌്; ബീസ‌്‌റ്റിലേക്കും സ്വാഗതം

സിംഗപ്പൂർ > ഒരിക്കൽ ഭ്രാന്തനെന്നുവരെ വിളിച്ച് പുലഭ്യം പറഞ്ഞ ഉത്തരകൊറിയയുടെ യുവനായകനെ വാനോളം പ്രകീർത്തിച്ചാണ് അമേരിക്കൻ പ്രസിഡന്റ് സിംഗപ്പൂരിൽനിന്ന് മടങ്ങിയത്. ഏറെ പ്രതിഭാശാലിയായ ചെറുപ്പക്കാരനാണ് കിം ജോങ് അനെന്ന് ഡോണൾഡ് ട്രംപ് തുറന്നുപറഞ്ഞു. ഉച്ചകോടിയുടെ മണിക്കൂറുകളിൽ ഏറെനേരം ഇരുവരും കുശലം പറഞ്ഞു. “ബീസ്റ്റ്’ എന്ന‌് വിളിപ്പേരുള്ള തന്റെ ലിമോസിനിലേക്ക് കിമ്മിനെ ക്ഷണിച്ച ട്രംപ് വാഹനത്തിന്റെ ഉൾഭാഗം കാണിച്ച് വിവരിക്കുകയും ചെയ്തു. രാസായുധപ്രയോഗം ഉൾപ്പെടെയുള്ള എല്ലാ ആക്രമണങ്ങളെയും ചെറുക്കാനുള്ള അത്യാധുനിക സംവിധാനമുള്ള വാഹനം അതീവരഹസ്യസ്വഭാവമുള്ളതാണ്.
ഉച്ചഭക്ഷണത്തിനുശേഷം ക്യാപെല്ല ഹോട്ടലിന്റെ നടുമുറ്റത്ത് ഉലാത്തവേയാണ് ഒരിക്കൽ ബദ്ധശത്രുവായി പ്രഖ്യാപിച്ചയാൾക്ക് തന്റെ വാഹനത്തിന്റെ സംവിധാനങ്ങൾ ട്രംപ് വിവരിച്ചത്. വാഹനത്തിന് അടുത്തേക്ക് എത്തിയപ്പോൾ ഡോർ തുറക്കാൻ സുരക്ഷാ ഉദ്യോഗസ്ഥനോട് ട്രംപ് ആംഗ്യം കാട്ടി. തുടർന്ന് ഉള്ളിലേക്ക് നോക്കി ഇരുനേതാക്കളും കുറച്ചുനേരം വാഹനത്തെക്കുറിച്ച് സംസാരിച്ചു. വാഹനത്തിലെ സംവിധാനങ്ങൾ കിം കൗതുകത്തോടെ വീക്ഷിക്കുന്നത് കാണാമായിരുന്നു.









0 comments