അമേരിക്ക ആണവക്കരാറിൽനിന്ന‌് പിന്മാറി; ഇറാനു മേൽ കനത്ത ഉപരോധങ്ങൾ ഏർപ്പെടുത്തും

വാഷിങ്ടൻ> ഇറാനുമായുള്ള ആണവക്കരാറില്‍നിന്ന‌് അമേരിക്ക പിന്മാറി. ചൊവ്വാഴ‌്ച രാത്രിയോടെയാണ‌് അമേരിക്കയുടെ പിന്മാറ്റം പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത‌്. ഇറാൻ പറഞ്ഞതെല്ലാം നുണയാണെന്നും ഇറാനുമായൊരു ഏകപക്ഷീയമായ കരാറുണ്ടാക്കിയത‌് വിഡ്ഢിത്തമായിരുന്നെന്നും ട്രംപ‌് പറഞ്ഞു. നിലവിലെ കരാർ വ്യവസ്ഥകൾ ഇറാന്റെ ആണവപരീക്ഷണങ്ങളെ തടയാൻ ഉപകരിക്കാനാകാത്തതാണ‌്.
ഇറാനു മേൽ കനത്ത ഉപരോധങ്ങൾ ഏർപ്പെടുത്തും. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഉപരോധം ഉറപ്പാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്ന, തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇതൊരിക്കലും ശാന്തിയും സമാധാനവും കൊണ്ടുവന്നിട്ടില്ല, കൊണ്ടുവരികയുമില്ല’– കരാറിനെ വിമർശിച്ചു കൊണ്ട് ട്രംപ് പറഞ്ഞു. 2015ൽ ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത കരാറിൽനിന്നാണ‌് അമേരിക്ക പിന്മാറിയിരിക്കുന്നത്. എന്നാൽ, ഇറാൻ കരാറിൽ ഉറച്ചുനിൽക്കുകയാണെന്നും അമേരിക്കയുടെ പിന്മാറ്റം ഏകപക്ഷീയമാണെന്നും കരാർ ലംഘനമാണെന്നും ഇറാൻ പ്രസിഡന്റ‌് ഹസ്സൻ റൂഹാനി പ്രതികരിച്ചു. ഇറാൻ തെറ്റൊന്നും ചെയ‌്തിട്ടില്ലെന്നും അമേരിക്കയുടെ പിന്മാറ്റം അംഗീകരിക്കാനാകില്ലെന്നും ഐക്യരാഷ്ട്ര സമിതിയിലെ മറ്റ‌് സ്ഥിരാംഗങ്ങളുടെ പ്രതികരണത്തിനായി ഇറാൻ കാത്തിരിക്കുകയാണെന്നും റൂഹാനി കൂട്ടിച്ചേർത്തു.
ബഹുരാഷ്ട്ര ആണവക്കരാറിൽനിന്നു പിന്മാറരുതെന്ന‌് ബ്രിട്ടനും ജർമനിയും ഫ്രാൻസും ഉൾപ്പെടെ അമേരിക്കയോട‌് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനെയെല്ലാം തള്ളിയാണ‌് ട്രംപ‌് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത‌്. കരാറിൽ നിന്നു പിന്മാറാനുള്ള യുഎസിന്റെ തീരുമാനത്തെ ബ്രിട്ടനും ജർമനിയും ഫ്രാൻസും സംയുക്തമായി അപലപിക്കുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. ആണവായുധ നിർവ്യാപീകരണം പ്രതിസന്ധിയിലായെന്നും മക്രോൺ ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ട്വീറ്റ് ചെയ്തു. അതേസമയം ആണവക്കരാറിൽനിന്നു പിന്മാറാനുള്ള ട്രംപിന്റെ തീരുമാനവും ഇറാനെതിരെ വ്യാപാരത്തിന്മേൽ ഉൾപ്പെടെ ഉപരോധത്തിനുള്ള തീരുമാനവും യൂറോപ്യൻ യൂണിയന്‍ സംയുക്തമായി പരിഗണിക്കുമെന്ന‌് പ്രസിഡന്റ് ഡോണൾഡ് ടസ‌്ക‌് ട്വീറ്റ‌് ചെയ്തു. ട്രംപിന്റെ പിന്മാറ്റ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയായിരുന്നു ടസ്കിന്റെ ട്വീറ്റ്.
ട്രംപിന്റെ തീരുമാനത്തെ ഭൂരിഭാഗം രാജ്യങ്ങളും വിമർശിച്ചപ്പോൾ ഇസ്രയേൽ പിന്തുണയുമായി രംഗത്തെത്തി. കരാർ പിന്മാറ്റത്തിനു പിന്നാലെ ഉണ്ടാകാനിരിക്കുന്നതു യുദ്ധമാണെന്നാണ‌് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ഇത്തരമൊരു ഘട്ടത്തിൽ കരാറിൽനിന്നു പിന്മാറുന്നത് അബദ്ധമാണെന്ന‌് ബ്രിട്ടിഷ് വിദേശ സെക്രട്ടറി ബോറിസ് ജോൺസണും മുമ്പ‌് പറഞ്ഞിരുന്നു.









0 comments