അറിയണം മിഗ്വേലിനെ; ക്യൂബയുടെ പുതിയ പടനായകനെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 21, 2018, 01:35 PM | 0 min read

വിപ്ലവ ക്യൂബയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിഗ്വേല്‍ ഡിയാസ് കാനെല്‍ എന്ന നേതാവിന് സവിശേഷതകള്‍ ഏറെയാണ്. വിപ്ലവനായകന്‍ ഫിദല്‍ കാസ്‌‌‌‌ട്രോയും റൗള്‍ കാസ്‌‌‌‌ട്രോയും കൈയിലേന്തിയ കടിഞ്ഞാണാണ് 58കാരനായ മിഗ്വേലിന് ലഭിക്കാന്‍പോകുന്നത്.

വ്യാഴാഴ്‌‌‌ച ചേര്‍ന്ന ക്യൂബന്‍ നാഷണല്‍ അസംബ്ലിയാണ് ഐകകണ്ഠ്യേന മിഗ്വേലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. വിപ്ലവനായകന്‍ പിദല്‍ കാസ്‌‌‌‌ട്രോ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ മുറുകെപ്പിടിച്ചായിരിക്കും തന്റെയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെന്ന് അസംബ്ലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് മിഗ്വേല്‍ വ്യക്തമാക്കി.

മിഗ്വേല്‍ ഡിയാസ് കാനെല്‍

1960ഏപ്രില്‍ 20ന് വില്ലാ ക്ലാരയിലെ പ്ലാസെറ്റാസില്‍ ഫാക്ടറി തൊഴിലാളികളുടെ മകനായാണ് മിഗ്വേലിന്റെ ജനനം. 1982ല്‍ ലാസ് വില്ലാസ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടി. 1985 ല്‍ സെന്‍ട്രല്‍ സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഇക്കാലയളവില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി മിഗ്വേല്‍ അടുത്തു. രണ്ടുവര്‍ഷത്തിനു ശേഷം വില്ല ക്ലാരയിലെ പാര്‍ടിയുടെ യുവജനവിഭാഗം സെക്രട്ടറി എന്ന നിലയില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി മിഗ്വേല്‍ നിക്കരാഗ്വയിലേക്ക് പോയി.

ഫിദല്‍ കാസ്‌ട്രോയും മിഗ്വേല്‍ ഡിയാസ് കാനെലും
.
1993ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ മിഗ്വേല്‍ വില്ല ക്ലാരയിലെ പാര്‍ടിയുടെ ആദ്യ സെക്രട്ടറിയായി ചുമതല വഹിച്ചു. 1994 മുതല്‍ 2003 വരെ വില്ലാ ക്ലാര പ്രൊവിന്‍സിലെ കമ്യൂണിറ്റി നേതാവായും കഴിവ് തെളിയിച്ചിട്ടുണ്ട്. പിന്നീട് 14 അംഗ ക്യൂബന്‍ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2009 മുതല്‍ 2012 വരെ ക്യൂബന്‍ വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. 2013ല്‍ നാഷണല്‍ അസംബ്ലി മിഗ്വേലിനെ പ്രഥമ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 

റൗള്‍ കാസ്‌ട്രോയും മിഗ്വേല്‍ ഡിയാസ് കാനെലും


യാതൊരുവിധ ആരോപണങ്ങള്‍ക്കുമിടയില്ലാതെ മുപ്പത് വര്‍ഷക്കാലത്തിലേറെയായി കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരികയാണ് മിഗേല്‍ ക്യൂബന്‍ ജനതയ്‌ക്ക് സുപരിചിതനാണ്. ഫിദലും റൗളും തെളിച്ച വഴി തന്നെയാകും തന്റേതെന്നും താനൊരു 'ചേഞ്ച് മേക്കര്‍' അല്ലെന്നും മിഗ്വേല്‍ വ്യക്തമാക്കി കഴിഞ്ഞു.

ഫിദല്‍ കാസ്‌ട്രോയും റൗള്‍ കാസ്‌ട്രോയും

ഇടപെടലുകളില്‍ കണിശതയുള്ള വ്യക്തിയാണ് ഡയസ് കാനലെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ ക്യൂബന്‍ ജനതയേയും വിദേശികളെയും ഒരേ പോലെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുന്ന സഹൃദയവ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്ന് ഭൂരിഭാഗവും ചൂണ്ടിക്കാട്ടുന്നു. തനിക്കു മേല്‍ ഏല്‍പിക്കപ്പെട്ടിട്ടുള്ളത് വളരെ ഭാരിച്ച ഉത്തരവാദിത്തമാണെന്ന് മിഗ്വേലിന് കൃത്യമായ ബോധ്യമുണ്ട്. പുതിയ കാത്തെ വെല്ലുവിളികളേറ്റെടുത്തുകൊണ്ട് മിഗ്വേല്‍ ഡിയാസ് കാനെല്‍ റിപബ്ലിക് ഓഫ് ക്യൂബയെ നയിക്കും. പുതിയ പ്രസിഡന്റിന് കാവലാളായി റൗള്‍ കാസ്‌ട്രോയും ഉണ്ടാകും.





 



deshabhimani section

Related News

View More
0 comments
Sort by

Home