ദളിതർക്കും കർഷകർക്കും മോഡി ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി എംപി

ബംഗളൂരു > തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും ബിജെപിയുടെ സെൽഫ്ഗോൾ. കർഷകർക്കും ദളിതർക്കും പാവങ്ങൾക്കും മോഡി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ബിജെപി എംപിയും മുതിർന്ന നേതാവുമായ പ്രഹ്ലാദ് ജോഷിയുടെ പരിഭാഷയാണ് ബിജെപിയെ വീണ്ടും വെട്ടിലാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണാർഥം ബിജെപി അധ്യക്ഷൻ അമിത്ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോഴാണ് എംപിയായ മുതിർന്ന നേതാവിന് അബദ്ധം പിണഞ്ഞത്.ചിത്രദുർഗ ജില്ലയിലെ ഹൊലെക്കേരെയിൽ പൊതുയോഗത്തിൽ അമിത്ഷായുടെ ഹിന്ദിയിലുള്ള പ്രസംഗം കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴാണ് പ്രഹ്ലാദ് ജോഷിക്ക് അബദ്ധം പിണഞ്ഞത്.
നരേന്ദ്ര മോഡി സർക്കാർ കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടി ഒന്നുംചെയ്യുന്നില്ലെന്നാണ് മുതിർന്ന നേതാവുകൂടിയായ പ്രഹ്ലാദ് ജോഷി പരിഭാഷപ്പെടുത്തിയത്. എന്നാൽ, കർണാടകത്തിലെ സിദ്ധരാമയ്യ സർക്കാർ ഒന്നുംചെയ്യുന്നില്ലെന്നായിരുന്നു അമിത്ഷായുടെ പ്രസംഗം. അബദ്ധം ബോധ്യപ്പെട്ട ചില നേതാക്കൾ ഇത് തിരുത്താൻ കൊണ്ടുപിടിച്ച ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും പരിഭാഷയുടെ ദൃശ്യങ്ങൾ വൈറലായി. ഇതോടെ സാമൂഹ്യമാധ്യമങ്ങളിൽ ബിജെപിക്കും അമിത്ഷായ്ക്കും എതിരെ ട്രോളുകളുടെ പെരുമഴയായി.
കഴിഞ്ഞദിവസം ദാവണെഗെരയിൽ അമിത്ഷാ നടത്തിയ വാർത്താസമ്മേളനത്തിൽ രാജ്യത്ത് ഏറ്റവും അഴിമതിനിറഞ്ഞ സർക്കാർ യെദ്യൂരപ്പയുടേതാണെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എംപിയുടെ പരിഭാഷ ബിജെപിയെ വീണ്ടും വെട്ടിലാക്കിയത്.









0 comments