കുവൈറ്റില്‍ ജോലിക്കായി യോഗ്യത പരീക്ഷ വരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 23, 2018, 04:59 AM | 0 min read

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ ജോലി നേടണമെങ്കില്‍ ഇനി മുതല്‍ യോഗ്യതാ പരീക്ഷകള്‍ പാസാകേണ്ടിവരും.  100ല്‍ പരം ജോലികള്‍ക്ക് പ്രത്യേക ടെസ്റ്റുകള്‍ വഴി യോഗ്യതാ നിര്‍ണയം നടത്തി മാത്രം തൊഴിലാളികളെ റിക്രൂട്ട് ചെയ്താല്‍ മതിയെന്ന പുതിയ നിര്‍ദേശം  പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അതോറിറ്റി സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചു. ഇതിനായുള്ള ടെസ്റ്റുകള്‍ തൊഴിലാളികളെ കൊണ്ടുവരുന്ന രാജ്യങ്ങളില്‍ വെച്ച് തന്നെ നടത്താനും, പരീക്ഷയുടെ നടത്തിപ്പ് ഒരു അന്താരാഷ്ട്ര കമ്പനിക്ക് നല്‍കുമെന്നും അതോററ്റി വ്യക്തമാക്കി. തൊഴിലാളികളുടെ അക്കാദമിക്ക് യോഗ്യതക്ക് പുറമെയായിരിക്കും ഈ പരീക്ഷ.

ഇങ്ങനെ നടത്തിയ പരീക്ഷകള്‍ വഴി യോഗ്യത നേടിയ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ക്ക് മാത്രമേ കുവൈറ്റില്‍ അംഗീകാരം നല്‍കുകയുള്ളൂവെന്നും നിര്‍ദ്ദേശത്തിലുണ്ട്.

തുടക്കത്തില്‍  ഇലക്ട്രിക്കല്‍ വര്‍ക്ക്, മരപ്പണികള്‍, മെക്കാനിക്,  മറ്റ് വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പത്ത് സാങ്കേതിക മേഖലകളില്‍ ഇത് നടപ്പാക്കി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് നൂറോളം തൊഴില്‍ മേഖലകളെ യോഗ്യത പരീക്ഷയുടെ പരിധിയില്‍ കൊണ്ടുവരും. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 5,500 അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടുകളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന കമ്പനിയുമായി സഹകരിപ്പിച്ച് യോഗ്യത നിര്‍ണയ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. ഇത് വഴി രാജ്യത്തേക്കുള്ള അവിദഗ്ധ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന് പവര്‍ അതോറിറ്റി കരുതുന്നത്.





 



deshabhimani section

Related News

View More
0 comments
Sort by

Home