യുഎസില് സംഗീതപരിപാടിക്കിടെ വെടിവയ്‌പ് : 58 മരണം

ലോസ് ഏഞ്ചല്സ് > അമേരിക്കയിലെ ലാസ് വെഗാസില് സംഗീതപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റ് 58 പേര് കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെപ്പേര്ക്ക് പരിക്കേറ്റു. ലാസ് വെഗാസ് തെരുവിലെ തുറന്നവേദിയില് തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് സംഗീതാസ്വാദകര്ക്കിടയിലേക്ക് സമീപത്തെ മാന്ഡലേ ബേ ചൂതാട്ടകേന്ദ്രത്തിന്റെ 32-ാംനിലയില്നിന്ന് അക്രമി യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിര്ക്കുകയായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അക്രമം. സംഭവത്തിന് രാജ്യാന്തര ഭീകരവാദവുമായി ബന്ധമുള്ളതായി സംശയിക്കുന്നില്ലെന്ന് അമേരിക്കന് ചാനല് ആദ്യം റിപ്പോര്ട്ട് ചെയ്തു. എന്നാല് സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു.
വെടിയുതിര്ത്ത അറുപത്തിനാലുകാരനായ സ്റ്റീഫന് പഡോക്കിനെ ഹോട്ടല്മുറിയിലെത്തി പൊലീസ് വെടിവച്ചുകൊന്നു. ഇയാള്ക്കൊപ്പം മുറിയെടുത്ത ഏഷ്യന് വംശജയായ മരിലൌ ഡാന്ലി (62)ക്കുവേണ്ടി പൊലീസ് തെരച്ചില് നടത്തുന്നു. ഇവരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. ഇവര്ക്ക് കുറ്റകൃത്യത്തില് നേരിട്ടു പങ്കുള്ളതായി പൊലീസ് സംശയിക്കുന്നില്ല. ആക്രമണകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. ലാസ് വെഗാസില്നിന്ന് 80 മൈല് അകലെയുള്ള മെസ്ക്യൂറ്റ് സ്വദേശികളാണ് ഇരുവരും. ഇവരുടെ വസതികളില് തെരച്ചില് നടത്തി. ഇവര് എപ്പോഴാണ് ഹോട്ടലില് മുറിയെടുത്തതെന്ന് വ്യക്തമല്ല. ഇരുവരും എത്തിയതായി കരുതുന്ന വാഹനങ്ങള് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.
അക്രമി ഒളിച്ചിരുന്ന ഹോട്ടല്മുറിയില്നിന്ന് യന്ത്രത്തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തി. ജീവന് രക്ഷപ്പെടുത്താന്വേണ്ടിയുള്ള പരക്കംപാച്ചിലിലാണ് നിരവധിപേര്ക്ക് പരിക്കേറ്റത്. 14 പേരുടെ നില അതീവ ഗുരുതരമാണ്. കൊല്ലപ്പെട്ടവരില് പൊലീസുകാരുമുണ്ട്. റൂട്ട് 91 എന്ന പേരില് മൂന്നുദിവസം നീണ്ടുനില്ക്കുന്ന സംഗീതപരിപാടി ആസ്വദിക്കാന് 22,000 പേര് എത്തിയിരുന്നു. പ്രമുഖ ഗായകന് ജാസന് അല്ഡീന്റെ നേതൃത്വത്തില് സംഗീതാലാപനം നടക്കുന്നതിനിടെയായിരുന്നു വെടിവയ്പ്. പ്രകോപനമില്ലാതെ അക്രമി ജനങ്ങള്ക്കുനേരെ വെടിയുതിര്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള് പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് നാട്ടുകാരെ പൂര്ണമായും ഒഴിപ്പിച്ചു. വെടിവയ്പുണ്ടായ പ്രദേശത്തെ മറ്റ് ഹോട്ടലുകളും സുരക്ഷയുടെ ഭാഗമായി അടപ്പിച്ചു. ലാസ് വെഗാസിലെ വിമാനത്താവളത്തിലേക്കുള്ള സര്വീസുകള് വഴിതിരിച്ചുവിട്ടു. അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് സംഭവത്തില് നടുക്കം രേഖപ്പെടുത്തി. ലാസ് വെഗാസ് ദുരന്തത്തില് ഇന്ത്യകാര്ക്ക് പരിക്കേറ്റിട്ടില്ലെന്ന് വിദേശമന്ത്രാലയം ഉദ്യോഗസ്ഥര് അറിയിച്ചു.
അമേരിക്കയിലെ നെവാഡ സംസ്ഥാനത്ത് രാത്രികാലവിനോദങ്ങള്ക്ക് പേരുകേട്ട ലാസ് വെഗാസില് വ്യക്തികള്ക്ക് ആയുധം സൂക്ഷിക്കാന് നിയമപരമായി അധികാരമുണ്ട്. യന്ത്രത്തോക്കുകള്വരെ പരസ്പരം വില്ക്കാന് അനുമതിയുണ്ട്. കഴിഞ്ഞവര്ഷം ഫ്ളോറിഡയിലെ നൈറ്റ്ക്ളബ്ബിലുണ്ടായ വെടിവയ്പില് 49 പേര് കൊല്ലപ്പെട്ടിരുന്നു. 2007ല് വെര്ജീനിയ ക്യാമ്പസിലുണ്ടായ വെടിവയ്പില് 37 പേരും 2012ല് കണക്ടിക്കട്ടിലെ നേഴ്സറി സ്കൂളിലെ വെടിവയ്പില് 27 പേരും കൊല്ലപ്പെട്ടു.









0 comments