ഫ്രഞ്ച് നടി ജെന്നെ മൊറിയോ അന്തരിച്ചു

പാരിസ് > ഫ്രഞ്ച് സിനിമയിലെ എക്കാലത്തെയും മികച്ച താരമായി വാഴ്ത്തപ്പെടുന്ന അഭിനേത്രി ജെന്നെ മൊറിയോ (89) അന്തരിച്ചു. പാരിസിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിഖ്യാത സംവിധായകരുടെ ഇഷ്ടതാരമായ ഇവര്‍ ഫ്രാന്‍സിസ് ത്രൂഫോയുടെ 'ജൂള്‍സ് ആന്‍ഡ് ജിമ്മി'ലെ പ്രകടനത്തിലൂടെ ലോകപ്രശസ്തയാണ്. ആറുദശകമായി ഫ്രഞ്ച് സിനിമയില്‍ നിറഞ്ഞുനിന്ന താരം മികച്ച നടിക്കുള്ള കാന്‍, ബാഫ്ത, സെസര്‍ പുരസ്കാരങ്ങള്‍ നേടി. സമഗ്രസംഭാവനയ്ക്കുള്ള ഓസ്കര്‍, ബാഫ്ത പുരസ്കാരങ്ങളും തേടിയെത്തി.
പീറ്റര്‍ ബ്രൂക്കിന്റെ 'സെവന്‍ ഡെയ്സ് സെവന്‍ നൈറ്റ്സി' (1960)ലൂടെയാണ് കാനില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടുന്നത്. ഫ്രഞ്ച് നവതരംഗം, അവന്ത് ഗാര്‍ഡ് ചലച്ചിത്ര മുന്നേറ്റങ്ങളില്‍ ജെന്നെ മൊറിയോ പങ്കാളിയായി. വിഖ്യാത സംവിധായകരായ ഓര്‍സന്‍വെല്‍സ്, മൈക്കലാഞ്ചലോ അന്റോണിയോനി, ജോസഫ് ലൊസെ, ലൂയി ബുനുവല്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടു. 'ലോകത്തിലെ ഏറ്റവും മികച്ച നടി' എന്നാണ് ഓര്‍സന്‍ വെല്‍സ് ഒരിക്കല്‍ വിശേഷിപ്പിച്ചത്.
അമ്പതുകളില്‍ ചെറുവേഷങ്ങളിലൂടെ സിനിമയിലെത്തിയ താരം അറുപതുകളോടെ ഫ്രാന്‍സിലെ ഏറ്റവും താരമുല്യമുള്ള നായികയായി. കുടുംബത്തില്‍നിന്നുളള ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ആദ്യകാലത്ത് സിനിമയില്‍ പിടിച്ചുനിന്നത്. എണ്‍പതാംവയസ്സ് പിന്നിടുംവരെ സിനിമയില്‍ സജീവമായിരുന്നു. തിരക്കഥാരചനയിലും സംവിധാനത്തിലും കഴിവ് തെളിയിച്ചു. മികച്ച ഗായികയുമായിരുന്നു. വിവ മറിയ, ലാ ലോട്ടെ, ട്രയല്‍, ഡയറി ഓഫ് എ ചേമ്പര്‍മെയ്ഡ്, ദ ഓള്‍ഡ് ലേഡി ഹു വാക്ക്ഡ് ദ സീ തുടങ്ങിയവയാണ് രാജ്യാന്തര ശ്രദ്ധനേടിയ ചിത്രങ്ങള്‍









0 comments