5 ദിവസം, ഇസ്രയേൽ കൊന്നത് 70 കുഞ്ഞുങ്ങളെ

ഗാസ സിറ്റി: ഇടതടവില്ലാത്ത ബോംബ് വർഷത്തിലൂടെ ഗാസയിൽ അഞ്ചുദിവസംകൊണ്ട് ഇസ്രയേൽ കൊന്നൊടുക്കിയത് 70 കുട്ടികളെ. ഗാസ ആരോഗ്യ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്. സ്കൂളുകളും ആശുപത്രികളും അഭയാർഥി കേന്ദ്രങ്ങളും ഇസ്രയേൽ പ്രഖ്യാപിച്ച ‘സുരക്ഷിത കേന്ദ്ര’ങ്ങളുമെല്ലാം ഒരേപോലെ ആക്രമിക്കപ്പെടുന്നു.
ഞായറാഴ്ച ജബാലിയ അഭയാർഥി കേന്ദ്രത്തിലെ സ്കൂളുകളിൽ ബോംബിട്ടതിൽ കുട്ടികളടക്കം എട്ടുപേർ കൊല്ലപ്പെട്ടു. അനന്തമായി നീളുന്ന യുദ്ധത്തിൽ ഉറ്റവരും പരിചിത സാഹചര്യങ്ങളുമെല്ലാം നഷ്ടമാകുന്ന കുട്ടികൾക്കിടയിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ വർധിക്കുന്നതായി യുനിസെഫ് മുന്നറിയിപ്പ് നൽകി.
അതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മൊസാദ്, ഷിൻ ബെത് ഏജൻസികളുടെ തലവന്മാരെ ദോഹയിൽ നടക്കുന്ന സമാധാന ചർച്ചകൾക്കായി അയച്ചു. അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കും മുമ്പ് വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നതാണ് നീക്കം. ട്രംപിന്റെ ദൂതൻ സ്‌റ്റീവ് വിറ്റ്‌കോക്കും 20ന് മുമ്പ് ചർച്ചകൾ സമാപിക്കുമെന്ന് പറഞ്ഞു.
Tags
Related News

0 comments