ഗാസയിൽ സഹായ വിതരണ ക്യാമ്പിൽ ഇസ്രയേൽ ആക്രമണം: 21 പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി : ഗാസയിൽ സഹായ വിതരണ ക്യാമ്പിലേക്ക് പോകുന്നവർക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസ മുനമ്പിലെ ഇസ്രയേൽ പിന്തുണയുള്ള ഫൗണ്ടേഷനിൽ നിന്ന് ആവശ്യസഹായം സ്വീകരിക്കാൻ പോയ 21 പേരാണ് കൊല്ലപ്പെട്ടതെന്ന് സമീപത്തുള്ള റെഡ് ക്രോസ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 175 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സഹായങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾക്ക് സമീപം വച്ച് ഇസ്രയേൽ സൈന്യം ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കേന്ദ്രങ്ങൾക്ക് കാവൽ നിൽക്കുന്ന സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥർ ജനങ്ങളെ ആക്രമിച്ചിട്ടില്ലെന്നും എന്നാൽ ഇസ്രയേൽ സൈന്യം ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്തെന്നുമാണ് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പറയുന്നത്. സംഭവത്തിൽ ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ സഹായ വിതരണ കേന്ദ്രത്തിനടുത്താണ് ഞായറാഴ്ച വെടിവയ്പ്പ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സഹായ വിതരണ കേന്ദ്രത്തിലേക്ക് നടന്നു നീങ്ങിയ ആളുകൾക്ക് നേരെ ഇസ്രയേൽ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് വിവരം.
ഗാസയിലേക്ക് ഹമാസ് സഹായമെത്തിക്കുന്നത് തടയാനായാണ് ഇസ്രയേൽ പുതിയ സഹായ വിതരണ സംവിധാനമുണ്ടാക്കിയത്. അടിസ്ഥാന മാനുഷിക തത്വങ്ങൾ ലംഘിക്കുന്നുവെന്നും ഇസ്രായേലി സൈനിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി നിർമിച്ചതാണെന്നും വ്യക്തമാക്കി ഐക്യരാഷ്ട്രസംഘടനയും മറ്റ് പ്രധാന സഹായ ഗ്രൂപ്പുകളും പ്രസ്തുത സംഘടനയുമായി സഹകരിക്കാൻ വിസമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം ഇസ്രയേൽ ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഉപരോധത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കിയെങ്കിലും ഇപ്പോഴും ഗാസയിലേക്ക് പൂർണതോതിൽ സഹായങ്ങളെത്തിക്കാൻ സാധിക്കുന്നില്ല. ഭൂമിയിലെ ഏറ്റവും വിശപ്പുള്ള സ്ഥലമായി ഗാസ മാറിയെന്നും ഗാസയിലെ 23 ലക്ഷം ജനങ്ങളും കടുത്ത പട്ടിണി അനുഭവിക്കുകയാണെന്നും ഐക്യരാഷ്‌ട്ര സംഘടന വ്യക്തമാക്കിയിരുന്നു. ഒരു മേഖലയിലെ മുഴുവൻ ജനതയും ക്ഷാമവും പട്ടിണിയും നേരിടുന്ന ലോകത്തെ ഒരേയൊരു സ്ഥലം ഗാസയാണെന്ന് യുഎൻ മാനുഷിക വിഭാഗം വക്താവ് ജെൻസ് ലാർക്ക് പറഞ്ഞു. ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനാണ് സമീപകാലത്ത് ഏറ്റവും തടസ്സം നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.









0 comments