അട്ടാരി-വാഗയിൽ കുടുങ്ങിയ 21 പാക് പൗരർക്ക് അതിർത്തി കടക്കാൻ അനുമതി

PHOTO CREDIT: X
അമൃത്സർ: ഇന്ത്യ വിടാനുള്ള സമയപരിധി അവസാനിച്ചതിനെത്തുടർന്ന് അട്ടാരി-വാഗാ അതിർത്തിയിൽ കുടുങ്ങിയ 21 പാകിസ്ഥാൻ പൗരന്മാർക്ക് അതിർത്തി കടക്കാൻ അനുമതി. ഇവർ കരമാർഗം പാകിസ്ഥാനിലേക്ക് കടന്നതായി അധികൃതർ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന എല്ലാത്തരം വിസകളും കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഏപ്രിൽ 30 നകം രാജ്യം വിടാൻ സർക്കാർ ഉത്തരവിടുകയും ചെയ്തു.
ഇന്ത്യയിലെ അമൃത്സറിനും പാകിസ്ഥാനിലെ ലാഹോറിനും സമീപമുള്ള അട്ടാരി-വാഗ അതിർത്തി വ്യാഴാഴ്ച അടച്ചിരുന്നു. ഇന്ത്യ വിടാനുള്ള സമയപരിധി അവസാനിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച 70 ഓളം പാകിസ്ഥാൻ പൗരന്മാർ അതിർത്തിയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. ഇതിൽ 21 പേരാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ പാകിസ്ഥാനിലേക്ക് പ്രവേശിച്ച 21 പാകിസ്ഥാൻ പൗരന്മാർ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് പുറത്തുള്ള റോഡുകളിൽ തമ്പടിച്ചിരുന്നു. 50ഓളം പേർ കസ്റ്റംസിന്റെയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടേയും അനുമതി ലഭിക്കുന്നതിനായി ചെക്ക് പോസ്റ്റിന് പുറത്ത് ക്യൂവിൽ നിൽക്കുന്നുണ്ട്. അധികൃതരുടെ കൃത്യമായ അനുമതി ലഭിച്ച ശേഷം ഇവരെ പാകിസ്ഥാനിലേക്ക് കടക്കാൻ അനുവദിച്ചേക്കാം.
ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാർക്ക് വാഗാ അതിർത്തി കടക്കാനുള്ള അനുമതി തുടരുമെന്ന് പാകിസ്ഥാൻ അറിയിച്ചു. അട്ടാരി അതിർത്തിയിൽ കുട്ടികൾ ഉൾപ്പെടെയുള്ള പാകിസ്ഥാൻ പൗരന്മാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ഇന്ത്യൻ അതിർത്തി കടക്കാൻ അധികാരികൾ അനുവദിക്കുകയാണെങ്കിൽ ഞങ്ങളുടെ പൗരന്മാരെ സ്വീകരിക്കാൻ തയാറാണ്, ഭാവിയിലും മടങ്ങിവരാൻ ആഗ്രഹിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്ക് വാഗാ അതിർത്തി തുറന്നിരിക്കുമെന്നും പാകിസ്ഥാൻ വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, സ്വന്തം വാഹനങ്ങളിൽ സഞ്ചരിക്കാൻ വിസ ലഭിച്ച മറ്റ് ചില വിദേശ പൗരന്മാർക്ക് അതിർത്തി കടക്കാൻ ഇതുവരെ അനുവാദം ലഭിച്ചിട്ടില്ല.









0 comments