ബംഗ്ലാദേശിൽ വ്യോമസേനാ വിമാനം സ്കൂളിന് മുകളിൽ തകർന്നു വീണു, 19 മരണം

benglADESH
വെബ് ഡെസ്ക്

Published on Jul 21, 2025, 05:10 PM | 1 min read

ധാക്ക: ബംഗ്ലാദേശില്‍ സ്കൂൾ കെട്ടിടത്തിന് മുകളിൽ സേനാ വിമാനം തകര്‍ന്ന് വീണു. 19 മരണം സ്ഥിരീകരിച്ചു. ബംഗ്ലാദേശി എയര്‍ഫോഴ്‌സിന്റെ പരിശീലന വിമാനമായ എഫ്-7 ബിജിഐ ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.


ധാക്ക ഉത്തര പ്രദേശത്തെ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് കാമ്പസിലാണ് വിമാനം ചൈനീസ് നിർമ്മിത വിമാനം തകര്‍ന്നുവീണത്. അപകടം നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നു എന്നാണ് റിപ്പോർടുകൾ. അപകടത്തില്‍ 19 പേർ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.


വിമാനം ബംഗ്ലാദേശ് വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് പുകയുയരുന്നതും അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതും വ്യക്തമാണ്.



"ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ബിജിഐ പരിശീലന വിമാനം ഉത്തരയിൽ തകർന്നുവീണു. വിമാനം ഉച്ചയ്ക്ക് 1:06 ന് (0706 GMT) പറന്നുയർന്നു," എന്ന് സൈനിക പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി.


ബംഗ്ലാദേശ് ആർമി അംഗങ്ങളും ഫയർ സർവീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ എട്ട് എഞ്ചിനുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി ഫയർ സർവീസ് അറിയിപ്പിൽ പറയുന്നു.


ഉത്തര, ടോംഗി, പല്ലാബി, കുർമിറ്റോള, മിർപൂർ, പുർബച്ചൽ എന്നിവിടങ്ങളിൽ നിന്നുള്ള ഇ.ജി.ടി. യൂണിറ്റുകൾ സംഭവസ്ഥലത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ഉത്തര ആധുനിക് ആശുപത്രി, ധാക്ക മെഡിക്കൽ കോളേജ് ആശുപത്രി, കുർമിറ്റോള ജനറൽ ആശുപത്രി, കുവൈറ്റ് ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് ഗവൺമെന്റ് ആശുപത്രി, ഉത്തര വനിതാ മെഡിക്കൽ കോളേജ്, ഷഹീദ് മൻസൂർ അലി മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.


അഹമ്മദാബാദിൽ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് 242 യാത്രക്കാരിൽ 241 പേരും പരിസരവാസികളായ 19 പേരും കൊല്ലപ്പെട്ടതിന് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം.





deshabhimani section

Related News

View More
0 comments
Sort by

Home