ഒരാഴ്‌ചയ്ക്കുശേഷം സിറിയയിൽ സ്‌കൂളുകൾ വീണ്ടും തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 07:19 PM | 0 min read

ഡമാസ്‌കസ് >  ആഭ്യന്തര സംഘർഷങ്ങൾക്ക്‌ ശേഷം സിറിയയിൽ സ്‌കൂളുകൾ വീണ്ടും തുറന്നു. വിമതർ സിറിയ പിടിച്ചതോടെ രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് റഷ്യയിൽ അഭയം പ്രാപിച്ച്‌ ഒരാഴ്‌ചയ്ക്കുശേഷമാണ്‌ സിറിയയിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത്‌. ആഴ്ചയിലെ ആദ്യ ദിവസമായ ഞായറാഴ്ച രാജ്യത്തെ മിക്ക സ്കൂളുകളും തുറക്കുമെന്ന് പുതിയ സർക്കാർ പറഞ്ഞിരുന്നു. എന്നാൽ സംഘർഷാന്തരീക്ഷം നിലനിൽക്കു്ന്നതിനാൽ സ്കൂളുകളിൽ ഹാജർ നില കുറവായിരുന്നു.

സിറിയയിൽ വിമത ഭീകരർ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. സിറിയൻ തലസ്ഥാനമായ ഡമാസ്കസ് വിമതസേന വളഞ്ഞതിനെ തുടർന്ന് പ്രസിഡന്റ് ബാഷർ ആസാദ് രാജ്യം വിട്ടിരുന്നു.  ഭീകരസംഘടനയായി യുഎൻ  പ്രഖ്യാപിച്ച ഹയാത് തഹ്‌രീർ അൽ ഷാം(എച്ച്ടിഎസ്)ആണ് സിറിയൻ മേഖലയിൽ കടന്നുകയറിയത്.

നാലുവർഷം മുമ്പ് ബഷാർ അൽ അസദ് സർക്കാർ അടിച്ചമർത്തിയ അൽഖായ്ദ ബന്ധമുള്ള വിമത ഭീകരരാണ് വീണ്ടും കരുത്താർജ്ജിച്ച് കടന്നാക്രമണം ആരംഭിച്ചത്. ഭീകരർ ഹയാത് തഹ്രീർ അൽ ഷാം, ദമാസ്‌ക്‌സ് ഉൾപ്പടെയുള്ള മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചെടുത്തു.

സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ 5,00,000-ത്തിലധികം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ജനസംഖ്യയുടെ പകുതിയിലധികം പേർ വീടുകളിൽ നിന്ന് പലായനം ചെയ്തു. വിമതഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന്‌ വടക്കുപടിഞ്ഞാറൻ സിറിയയിൽനിന്ന്‌ മൂന്നു ലക്ഷത്തോളം പേർക്ക് പലായനംചെയ്യേണ്ടിവന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.






 



deshabhimani section

Related News

View More
0 comments
Sort by

Home