10 കോടി വിലയിട്ടിരിക്കുന്ന ഭീകരൻ, സിറിയ പിടിച്ചടക്കിയ വിമത സംഘത്തിന്റെ നേതാവ്; ആരാണ് അബു മൊഹമ്മദ് അൽ-ജൊലാനി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 08:08 PM | 0 min read

ഡമാസ്കസ് > വിമതസംഘടനയായി ഹയാത് തഹ്‌രീർ അൽ ഷാം സിറിയയുടെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ലോകമാകെ ഉയർന്നു കേൾക്കുന്നത് അബു മൊഹമ്മദ് അൽ-ജൊലാനി എന്ന 45കാരന്റെ പേരാണ്. ഹയാത് തഹരീർ അൽ ഷാം(എച്ച്ടിഎസ്) എന്ന ഭീകര സംഘടനയുടെ നേതാവ്. ദിവസങ്ങൾക്കു മുൻപ് റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് പ്രചരിച്ച ഇയാൾ അലെപ്പോ നഗരം പിടിച്ചടക്കിയെന്ന് ലോകം കേട്ടത് ഞെട്ടലോടെയായിരുന്നു. ഇപ്പോഴിതാ സിറിയയുടെ ഭരണം തന്നെ കൈപ്പിടിയിലാക്കിയിരിക്കുന്നു.

അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട ജൊലാനി സിറിയ പിടിക്കാൻ ഐഎസ് തലവൻ അബു ബക്കർ അൽ ബാഗ്ദാദി നിയോഗിച്ച വിശ്വസ്തനാണ്. നിലവിൽ തന്റെ ലക്ഷ്യത്തിലേക്കെത്താൻ മിതവാദിയുടെ പ്രതിച്ഛായയിലേയ്ക്ക് മാറിയെങ്കിലും മുൻകാലഘട്ടം ആശങ്കകൾക്ക് വഴിയൊരുക്കുന്നത് തന്നെ. അൽഖായ്‌ദയുമായി അടുത്ത ബന്ധമാണ് ജൊലാനിക്ക്‌. നേരത്തെ അണിയറയിലായിരുന്ന ഇയാൾ പൊടുന്നനെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട്‌ ഭീകരർക്ക് ആവേശം പകർന്നു.

ജനനം 1982ൽ ഡമാസ്-കസിലെ മസേ ജില്ലയിൽ. അഹമ്മദ് അൽ ഷാറ എന്നാണ് ശരിയായ പേര്. 2001 സെപ്തംബർ 11ന്‌ അൽഖായ്‌ദ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ നടത്തിയ ആക്രമത്തോടെയാണ് സംഘടനയിൽ ആകർഷിക്കപ്പെട്ടത്. അന്നുമുതൽ ഡമാസ്-കസ് കേന്ദ്രീകരിച്ച് രഹസ്യപ്രവർത്തനം. ഇറാഖിൽ അൽ ഖായ്‌ദക്കായി പ്രവർത്തിക്കവെ പിടിയിലായി അഞ്ചുവർഷം ജയിലിൽ. 2011ൽ സിറിയയിലെത്തി. തുടർന്ന് അൽഖായ്‌ദയുടെ സിറിയൻ ബ്രാഞ്ചായ അൽനുസ്റ ഫ്രണ്ട് രൂപീകരിച്ചു. 2016ൽ അൽഖായിദയുമായുള്ള പ്രത്യക്ഷ ബന്ധം ഉപേക്ഷിച്ചാണ് ഹയാത് തഹരീർ അൽ ഷാം രൂപീകരിച്ചത്. ഇത് പാശ്ചാത്യശക്തികളുടെ ശത്രുത ഇല്ലാതാക്കാൻ കാരണമായി. സിറിയൻ നഗരമായ ഇദ്‌ലിബിൽ ആരംഭിച്ച ഹയാത് തഹരീർ അൽഷാം അവിടെ സിവിലിയൻ ഭരണകൂടം രൂപീകരിച്ചു. ഇവരുടെ പ്രവർത്തനങ്ങളിൽ പലതും യുദ്ധക്കുറ്റങ്ങളാണെന്ന് യുഎൻ കണ്ടെത്തിയിരുന്നു. ക്രിസ്‌ത്യൻ ന്യൂനപക്ഷം താമസിക്കുന്ന അലെപ്പോയിൽവരെ സ്വാധീനം ചെലുത്താൻ അബു മൊഹമ്മദ് അൽ ജൊലാനിക്ക് കഴിഞ്ഞിട്ടുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home