സിറിയൻ പ്രസിഡന്റ് കൊല്ലപ്പെട്ടോ? വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്ന് റിപ്പോർട്ട്

തെഹ്‌റാൻ > വിമതസംഘടനയായി ഹയാത് തഹ്‌രീർ അൽ ഷാം സിറിയയുടെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടതായ അഭ്യൂഹങ്ങൾ പടരുന്നു. വിമതസേന തലസ്ഥാന നഗരം വളഞ്ഞതിനെ തുടർന്ന് പ്രസിഡന്റ് രാജ്യം വിട്ട് പോയെന്നും റിപ്പോർട്ടുണ്ടായിരുന്നു. അദ്ദേഹം രാജ്യം വിട്ടുപോകാൻ സാധ്യത ഉണ്ടായിരുന്ന വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായിയെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. വിമാനത്തിൽ പ്രസിഡന്റ് ഉണ്ടായിരുന്നോ എന്നതിനും വിമാനം എവിടെ പോയി എന്നതിനും യാതൊരു തെളിവും ഇതുവരെ പുറത്തു വന്നിട്ടില്ല.
ദമാസ്കസിൽ നിന്ന് പറന്നുയർന്ന ഇല്യൂഷിൻ II 76T വിമാനമാണ് അപ്രത്യക്ഷമായത്. വിമാന സ്പോട്ടിങ് സൈറ്റായ ഫ്ലൈറ്റ് റഡാർ 24ൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് തീരദേശ മേഖലയിലേക്ക് പോയ വിമാനം ഇവിടെ നിന്ന് വഴി തിരിച്ച് എതിർദിശയിലേക്ക് പറക്കുകയും പൊടുന്നനെ റഡാറിൽ നിന്ന് മറയുകയും ചെയ്തു. സിറിയയിൽ വിമതർക്ക് സ്വാധീനമുള്ള ഹോംസ് നഗരത്തിന്റെ മുകളിൽ വച്ചാണ് വിമാനം കാണാതായിരിക്കുന്നത്. അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ് മിനിറ്റുകൾക്കുള്ളിൽ ജെറ്റ് 3,650 മീറ്ററിൽ നിന്ന് 1,070 മീറ്ററിലേക്ക് കുത്തനെ താഴ്ന്നുവെന്ന് ഫ്ലൈറ്റ് റഡാർ ഡാറ്റ സൂചിപ്പിക്കുന്നു. വിമാനം തകർന്നുവീഴുകയോ വെടിവച്ചിടുകയോ ചെയ്തതാകാം എന്നാണ് ഊഹാപോഹങ്ങൾ. എന്നാൽ ഇത് വ്യക്തമാക്കിയുള്ള ഒരു റിപ്പോർട്ടും ഇതുവരെ വന്നിട്ടില്ല. വിമാനത്തിലെ ട്രാൻസ്പോണ്ടറുകളുടെ കാലപ്പഴക്കം മൂലമോ ട്രാൻസ്പോണ്ടർ സ്വിച്ച് ഓഫ് ചെയ്തു വച്ചതിനാലോ ജാമ്മറുകളുടെ പ്രവർത്തനമോ ഒക്കെ കാരണം ഡേറ്റയിൽ പിഴവു വരാമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.
വിമാനത്തിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. എന്നാൽ ബാഷർ അൽ ആസാദ് ഈ വിമാനത്തിൽ ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സിറിയൻ സർക്കാരിലെ ഉന്നതർ റോയിറ്റേഴിസിനോട് പ്രതികരിച്ചത്. വിമതർ രാജ്യം കയ്യടക്കുമ്പോഴൊക്കെയും ബാഷർ അൽ അസദ് താൻ എങ്ങോട്ടേക്കും പലായനം ചെയ്യാനില്ല എന്നായിരുന്നു പറഞ്ഞിരുന്നത്.









0 comments