കടന്നാക്രമിച്ച് വിമതഭീകരര്‍: സിറിയയിൽ 3 ലക്ഷം പേർ പലായനം ചെയ്‌തു

ഡമാസ്‌കസ്
വിമതഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് വടക്കുപടിഞ്ഞാറൻ സിറിയയിൽനിന്ന് മൂന്നു ലക്ഷത്തോളം പേർക്ക് പലായനംചെയ്യേണ്ടിവന്നതായി ഐക്യരാഷ്ട്രസഭ. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹോംസിലേക്ക് വിമതനീക്കം ആസന്നമായതോടെ വെള്ളി രാത്രിയോടെ ആയിരങ്ങള്‍ നഗരംവിട്ടു. ഭീകരസംഘടനയായി യുഎന്‍ പ്രഖ്യാപിച്ച ഹയാത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്ടിഎസ്)ആണ് സിറിയന്‍ മേഖലയില്‍ കടന്നുകയറുന്നത്.
അലെപ്പോ, ഹമ, ദേർ അൽസോർ, ഖുനൈത്ര, ദറ, സുവൈദ എന്നീ നഗരങ്ങൾ പിടിച്ചടക്കിയെന്നും ഡമാസ്കസിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ എത്തിയയെന്നും എച്ച്ടിഎസ് അവകാശപ്പെട്ടു. മധ്യസിറിയയിലെ തന്ത്രപ്രധാന നഗരമായ ഹോംസില്‍ ശക്തമായി പ്രതിരോധം തീര്‍ക്കുകയാണ് ബഷാർ അൽ അസദ് സർക്കാർ. വിമതര്‍ക്കെതിരെ ശക്തമായ വ്യോമാക്രമണം മേഖലയില്‍ തുടരുന്നു. തെക്കുപടിഞ്ഞാറൻ സിറിയയുടെ ഭൂരിഭാഗവും ഡമാസ്‌കസിൽനിന്ന് ജോർദാനിലേക്കുള്ള പ്രധാന ഹൈവേയും പിടിച്ചെടുത്തതായി വിമതഭീകരര്‍ അവകാശപ്പെടുന്നു. സിറിയൻ സർക്കാർ ഇത് സ്ഥിരീകരിച്ചിട്ടില്ല.
നാലുവര്‍ഷം മുമ്പ് ബഷാർ അൽ അസദ് സർക്കാർ അടിച്ചമര്‍ത്തിയ അല്‍ഖായ്ദ ബന്ധമുള്ള വിമത ഭീകരരാണ് വീണ്ടും കരുത്താര്‍ജ്ജിച്ച് കടന്നാക്രമണം ആരംഭിച്ചത്. സിറിയയിൽ സ്ഥിതി വഷളാകുന്നത് തടയുവാനുള്ള പദ്ധതി രൂപീകരിക്കുന്നതിനായി തുർക്കിയയുടെയും റഷ്യയുടെയും ഇറാന്റെയും വിദേശമന്ത്രിമാർ ദോഹയിൽ കൂടിക്കാഴ്‌ച നടത്തും.
ഇന്ത്യക്കാർ സിറിയ വിടണം
സിറിയയിലുള്ള ഇന്ത്യക്കാർ എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സിറിയയിലുള്ള പൗരർ അടിയന്തരമായി എംബസിയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഈ മെയിൽ ഐഡിയും എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.









0 comments