ഓസ്‌ട്രേലിയയിൽ കുട്ടികൾക്ക്‌ സമൂഹമാധ്യമ വിലക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 02:55 AM | 0 min read

കാൻബെറ > പതിനാറ്‌ വയസ്സിൽ താഴെയുള്ളവരുടെ സമൂഹമാധ്യമ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ. 19ന്‌ എതിരെ 34 വോട്ടിനാണ്‌ സെനറ്റ്‌ വ്യാഴാഴ്ച ബിൽ പാസ്സാക്കിയത്‌. പ്രതിനിധി സഭ 13ന്‌ എതിരെ 102 എന്ന വൻ ഭൂരിപക്ഷത്തിൽ ബുധനാഴ്ച ബിൽ പാസ്സാക്കി. ടിക്‌ ടോക്‌, ഫെയ്‌സ്‌ബുക്ക്‌, സ്‌നാപ്‌ചാറ്റ്‌, റെഡ്ഡിറ്റ്‌, എക്സ്‌, ഇൻസ്‌റ്റഗ്രാം എന്നിവയടക്കമുള്ളവ കുട്ടികള്‍ ഉപയോ​ഗിക്കുന്നതിനാണ് വിലക്ക്. നിയമം ലംഘിച്ചാൽ അഞ്ചുകോടി ഓസ്‌ട്രേലിയൻ ഡോളർ (274.5 കോടി രൂപ) പിഴ ഈടാക്കും. ദക്ഷിണകൊറിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലും സമാന നിയമമുണ്ട്.

സാമൂഹ്യമാധ്യമങ്ങളിൽ പ്രായനിയന്ത്രണം കൊണ്ടുവരുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ നാളുകളായി ഓസ്‌ട്രേലിയയുടെ ഭാഗത്ത്‌ നിന്നുണ്ടായിരുന്നു. മാസങ്ങൾ നീണ്ട തീവ്രമായ പൊതുചർച്ചകൾക്കും പാർലമെന്ററി പ്രക്രിയകൾക്കുംശേഷം ആഴ്ചയ്ക്കുള്ളിൽ ബിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും പാസ്സാക്കുകയും ചെയ്തു.

യുവജനങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എല്ലാ സർക്കാരുകളും നേരിടുന്നുണ്ടെന്നും താൻ സംസാരിച്ച നേതാക്കൾ ഈ വിഷയത്തിൽ ഓസ്ട്രേലിയയുടെ നീക്കത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആന്റണി അൽബനീസ് നിയമസഭാംഗങ്ങളോടു പറഞ്ഞു. ‘സോഷ്യൽ മീഡിയ ഭീഷണിപ്പെടുത്തുന്നവർക്കുള്ള ആയുധമാകാം, സമപ്രായക്കാരുടെ സമ്മർദത്തിനുള്ള വേദിയാകാം, ഉത്കണ്ഠയുടെ ചാലകമാകാം, തട്ടിപ്പുകാർക്കുള്ള വാഹനമാകാം. എല്ലാറ്റിനുമുപരിയായി, ഓൺലൈൻ വേട്ടക്കാർക്കുള്ള ഒരു ഉപകരണവും’ അദ്ദേഹം തിങ്കളാഴ്ച പാർലമെന്റിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home