പാകിസ്ഥാനിൽ പ്രതിഷേധത്തിൽ സംഘർഷം ; 6 പൊലീസുകാർ കൊല്ലപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 03:18 AM | 0 min read

ഇസ്ലാമാബാദ്‌
പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർടിക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതിൽ ആറുപേർ കൊല്ലപ്പെട്ടു. നാല്‌ അർധസൈനികരും രണ്ട്‌ പൊലീസുകാരുമാണ്‌ കൊല്ലപ്പെട്ടത്‌. നൂറിൽപ്പരം പൊലീസുകാർക്ക്‌ പരിക്കേറ്റു. തലസ്ഥാനമായ ഇസ്ലാമാബാദിൽ സർക്കാർ അധികസൈന്യത്തെ വിന്യസിച്ചു. പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്ക്കാനും ഉത്തരവിട്ടു. നാലായിരത്തിലധികം പ്രക്ഷോഭകർ അറസ്‌റ്റിലായി. പ്രക്ഷോഭകർക്കുനേരെ പൊലീസ്‌ വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്‌. പഞ്ചാബ്‌ പൊലീസ്‌ ഇമ്രാൻ ഖാനും മറ്റ്‌ പാകിസ്ഥാൻ തെഹ്‌രീക്‌ ഇ ഇൻസാഫ്‌ (പിടിഐ) നേതാക്കൾക്കുമെതിരെ തീവ്രവാദ നിരോധ നിയമപ്രകാരം കേസെടുത്തു. ഖൈബർ പഖ്‌തുങ്‌ക്വ മുഖ്യമന്ത്രി അലി അമിൻ ഗണ്ടാപുർ, പിടിഐ നേതാക്കളായ സലാർ ഖാൻ കകർ, ഷാഹിദ്‌ ഖടക്‌ എന്നിവരും പ്രതികളാണ്‌.

വിവിധ കേസുകളിൽപ്പെട്ട്‌ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്ത മാർച്ചിന്‌ രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്നായി പതിനായിരക്കണക്കിന്‌ പിടിഐ പ്രവർത്തകരാണ്‌ തലസ്ഥാനത്തേക്ക്‌ എത്തിയത്‌. എന്നാൽ, കണ്ടെയ്‌നറുകളും ബാരിക്കേഡുകളും നിരത്തി പൊലീസ്‌ പാതകളെല്ലാം അടച്ചു. വിവിധ നഗരങ്ങൾക്കിടയിലെ ട്രെയിൻ, ബസ്‌ ഗാതാഗതവും മൊബൈൽ, ഇന്റർനെറ്റ്‌ സേവനങ്ങളും നിർത്തിവച്ചു. തടസ്സങ്ങൾ നീക്കി പ്രവർത്തകർ ഉപരോധ വേദിയായ ഡി ചൗക്കിലേക്ക്‌ കുതിച്ചതോടെയാണ്‌ സംഘർഷമായത്‌.

ഇസ്ലാമാബാദിലെ ശ്രീനഗർ ഹൈവേയിൽ പാകിസ്ഥാൻ റേഞ്ചേഴ്‌സ്‌ സംഘത്തിലേക്ക്‌ തിങ്കൾ രാത്രി വാഹനം ഇടിച്ചുകയറി നാല്‌ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റേഡിയോ പാകിസ്ഥാൻ റിപ്പോർട്ട്‌ ചെയ്‌തു. റാവൽപിണ്ടി ചുങ്കി നമ്പർ 26ൽ ആയുധങ്ങളുമായി എത്തിയവർ കല്ലെറും വെടിവയ്‌പ്പും നടത്തി. ഹകാ ഇന്റർചേഞ്ചിലാണ്‌ മുഹമ്മദ്‌ മുബാഷിർ ബിലാൽ എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്‌. കൊല്ലപ്പെട്ട രണ്ടാമത്തെ പൊലീസുകാരനെക്കുറിച്ച്‌ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രക്ഷോഭകർക്ക്‌ പകരം വേദി അനുവദിച്ചിരുന്നതായും വിദേശസംഘം ഔദ്യോഗിക സന്ദർശനം നടത്തുന്ന വേളയിൽ തലസ്ഥാനത്ത്‌ പ്രശ്‌നമുണ്ടാക്കരുതെന്ന ആവശ്യം ഇമ്രാൻ ഖാൻ അംഗീകരിച്ചിരുന്നതായും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home