ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് തരംഗം; അനുര കുമാര ദിസനായക സഖ്യം മുന്നേറുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 11:50 AM | 0 min read

കൊളംബോ> ശ്രീലങ്കയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം. പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ സഖ്യം വ്യക്തമായ ലീഡ് നേടി മുന്നേറുന്നു. 107 സീറ്റുകളിൽ ദിസനായകയുടെ നേതൃത്വത്തിലുള്ള എൻ പി പി സഖ്യം ഇതിനോടകം മേൽക്കൈ ഉറപ്പിച്ചു .150 ലേറെ സീറ്റുകള്‍ എന്‍.പി.പിക്ക് ലഭിക്കുമെന്നാണ് പ്രവണതകൾ വിലയിരുത്തിയുള്ള റിപ്പോർട്ടുകൾ.
225 അംഗ പാർലമെന്റിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

35 സീറ്റുകളിൽ ഇതിനോടകം നാഷണൽ പീപ്പിൾസ് പവർ വിജയം ഉറപ്പിച്ചു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് മാത്രമായിരുന്നു സഖ്യത്തിന്. അവിടെ നിന്നാണ് ഇപ്പോഴത്തെ കുതിപ്പ്.വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിന് തുടർച്ചയായി കൌണ്ടിങ്ങ്  രാത്രിയോടെ തന്നെ ആരംഭിച്ചിരുന്നു. ആദ്യം എണ്ണിത്തുടങ്ങിയ പോസ്റ്റല്‍ വോട്ടുകളില്‍ മുതല്‍ കൃത്യമായ മേധാവിത്വം നേടിയെടുക്കാന്‍ എന്‍ പി പിക്ക് സാധിച്ചു.

ഇത്തവണ 70 ശതമാനത്തിലും താഴെയായിരുന്നു പോളിങ്. സെപ്റ്റംബറിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 80 ശതമാനംപേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.  

 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ദിസനായകയോടു തോൽവി ഏറ്റുവാങ്ങിയ ശേഷം റനിൽ വിക്രമസിംഗെ നിശ്ശബ്ധനായിരുന്നു. എം.പി. സ്ഥാനത്തേക്ക് പത്രിക നൽകിയില്ല. 1977-നുശേഷം ആദ്യമായി അദ്ദേഹം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. രാജപക്സെ സഹോദരന്മാരും മത്സരത്തിനിറങ്ങിയില്ല.

196 അംഗങ്ങളെയാണ് നേരിട്ടുതിരഞ്ഞെടുക്കുന്നത്. ബാക്കി 29 പേരെ പാർട്ടികൾ നേടിയ വോട്ടിന് ആനുപാതികമായി വീതിച്ചുനൽകും. അഞ്ചുവർഷമാണ് പാർലമെന്റിന്റെ കാലാവധി.2.1 കോടി ജനങ്ങളുടെ ശ്രീലങ്കയിൽ 1.7 കോടിയിലേറെ വോട്ടർമാരുണ്ട്.

സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിക്കൊണ്ടായിരുന്നു ദിസനായക പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. 32 ശതമാനം വോട്ടുമായി സജിത് പ്രേമദാസ രണ്ടാമതും മുന്‍ പ്രസിഡന്റ് റനില്‍ വിക്രംസിംഗെ 17 ശതമാനം വോട്ടുമായി നാലാമതുമെത്തി.രാജപക്സെ കുടുംബത്തിലെ പുതുതലമുറക്കാരനായ നമല്‍ രാജപക്സെയ്ക്ക് 2.57 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അനുര കുമാര ദിസനായക പാർലമെന്റ് പിരിച്ച് വിട്ടിരുന്നു. നിലവിലെ പാർലമെന്റില്‍ തന്റെ കക്ഷിയായ എന്‍ പി പിക്ക് ആകെ മൂന്ന് സീറ്റ് മാത്രമുണ്ടായ സാഹചര്യത്തിലാണ് പിരിച്ച് വിട്ട് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. രാജപക്‌സെയുടെ ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ടിന് പിരിച്ചുവിടപ്പെട്ട പാർലമെൻ്റിൽ 145 സീറ്റുകളാണ് ഉണ്ടായിരുന്നത്. എസ്‌ ജെ ബി -54, ഇല്ലങ്കൈ തമിഴ് അരശു കക്ഷി - 10 എന്നിങ്ങനെയായിരുന്നു മറ്റ് കക്ഷികളുടെ സീറ്റ് നില.



deshabhimani section

Related News

View More
0 comments
Sort by

Home