ഇരുണ്ട ആകാശത്ത് പ്രതീക്ഷയുടെ നക്ഷത്രങ്ങൾ നിറക്കാം; കീഴടങ്ങാനുള്ള സമയമല്ലെന്ന് കമലാ ഹാരിസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 09:01 AM | 0 min read

ന്യൂയോർക്ക് > തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നീതിക്കും ജനങ്ങളുടെ അന്തസിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. തോൽവി വേദനാജകമാണെങ്കിലും ഇനിയങ്ങോട്ടും നിശബ്ദയായി മാറി നിൽക്കില്ലെന്നും തെരഞ്ഞടുപ്പു പ്രചാരണത്തിലുയർത്തിക്കാട്ടിയ വിഷയങ്ങളിലൂന്നി പോരാട്ടം തുടരുമെന്നും കമല പറഞ്ഞു. വാഷിങ്ടണിലെ ഹോവാർഡ് യൂണിവേഴ്‌സിറ്റിയിൽ ഡൊണാൾഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് അനുയായികളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു കമലാ ഹാരിസ്.

"തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയെന്നത് അമേരിക്കൻ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്നാണ്. ഞാൻ ഈ തെരഞ്ഞെടുപ്പ് പരാജയം അം​ഗീകരിക്കുന്നു. പക്ഷെ പോരാട്ടം അവസാനിക്കുന്നില്ല. അമേരിക്കക്കാർക്ക് അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും പിന്തുടരാൻ കഴിയുന്ന ഒരു ഭാവിക്കുവേണ്ടിയുള്ള പോരാട്ടം ഒരിക്കലും ഉപേക്ഷിക്കില്ല. ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല

ഈ തെരഞ്ഞെടുപ്പിന്റെ ഫലം നമ്മൾ ആഗ്രഹിച്ചതല്ല, ഇതിനു വേണ്ടിയായിരുന്നില്ല പോരാടിയത്, വോട്ട് ചെയ്തത് ഇതിനായിരുന്നില്ല. പക്ഷെ ഫലം അംഗീകരിച്ചേ മതിയാകൂ. ഒന്നും അവസാനിക്കുന്നില്ല. ‍നാം പോരാട്ടം തുടരുന്നിടത്തോളം അമേരിക്ക നൽകുന്ന വാഗ്ദാനത്തിന്റെ വെളിച്ചം ജ്വലിച്ചു തന്നെ നിൽക്കും. നിയുക്ത പ്രസിഡന്റ് ട്രംപുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. അവരുടെ പരിവർത്തനത്തിന് ഒപ്പം നിൽക്കുമെന്നും സമാധാനപരമായ അധികാര കൈമാറ്റത്തിന് തയ്യാറാകുമെന്നും അദ്ദേഹത്തോട് പറഞ്ഞു.

നിങ്ങളിപ്പോൾ പലതരത്തിലുള്ള വികാരങ്ങളിലൂടെ കടന്നുപോവുകയാണെന്ന് എനിക്കറിയാം. നിരാശപ്പെടരുത്. ഇത് കീഴടങ്ങാനുള്ള സമയമല്ല. മുഷ്ടി ചുരുട്ടാനുള്ള സമയമാണ്. സ്വാതന്ത്ര്യത്തിനും നീതിക്കും നല്ല ഭാവിക്കുമായി സംഘടിക്കാനുള്ള സമയമാണ്. വോട്ടിങ് ബൂത്തിലും കോടതിയിലും പൊതുസ്ഥലത്തുമെല്ലാം നാം ഇനിയും പോരാട്ടം തുടരും. ചിലപ്പോൾ മാറ്റത്തിന് സമയമെടുത്തേക്കാം. അതിനർത്ഥം നാം വിജയിക്കില്ല എന്നല്ല. ഒരിക്കലും പിന്മാറരുത്. അമേരിക്കയെ ലോകത്തെ ഏറ്റവും മികച്ച സ്ഥലമാക്കാനുള്ള ശ്രമം അവസാനിപ്പിക്കരുത്. പലരിലും നാം ഇരുണ്ട കാലത്തിലേക്ക് പ്രവേശിക്കുകയാണെന്ന തോന്നലുണ്ടാകും. വേണ്ടത്ര ഇരുട്ടായാലേ നക്ഷത്രങ്ങളെ കാണാനാകൂ. നമുക്ക് ഈ ആകാശം സത്യത്തിന്റെ ശുഭാപ്തി വിശ്വാസത്തിന്റെ പരസേവനത്തിന്റെ പ്രകാശമുള്ള ശതകോടി നക്ഷത്രങ്ങൾ‌ കൊണ്ട് നിറക്കാം."

തന്റെ 15 മിനിറ്റ് നീണ്ട പ്രസം​ഗത്തിൽ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിനും 107 ദിവസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒപ്പംനിന്ന നേതാക്കൾക്കും അനുയായികൾക്കും കമലാ ഹാരിസ് നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home