ഷാർജ പുസ്തകോത്സവം: തമിഴ്നാട് മന്ത്രി പളനിവേൽ ത്യാഗരാജനും ബി ജയമോഹനും പങ്കെടുക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 03:35 PM | 0 min read

ഷാർജ > ഷാർജ അന്തർദേശിയ പുസ്തക മേളയിൽ തമിഴ്നാട് ഐ ടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും,  എഴുത്തുകാരൻ ബി ജയമോഹനും പങ്കെടുക്കും. നവംബർ 10 ന് വൈകീട്ട് 4 മുതൽ 6 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ 'സാമ്പത്തിക നവീകരണവും സമഗ്ര വളർച്ചയും' എന്ന വിഷയത്തെക്കുറിച്ച് മന്ത്രി സംസാരിക്കും. കാര്യക്ഷമമായ സാമ്പത്തിക നയനിർവഹണത്തെക്കുറിച്ചും  സുസ്ഥിര വികസനത്തിൽ നൂതനമായ നയങ്ങൾക്കുള്ള പങ്കിനെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ അദ്ദേഹം പങ്കുവെക്കും. കോർപ്പറേറ്റ് മേഖലയിൽ വിപുലമായ അനുഭവ സമ്പത്തുള്ള ഡോ. പളനിവേൽ ത്യാഗരാജൻ തമിഴ് നാട്ടിലെ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

നവംബർ 10ന് നടക്കുന്ന പരിപാടിയിൽ തമിഴ്-മലയാള എഴുത്തുകാരൻ ബി ജയമോഹൻ പങ്കെടുക്കും. രാത്രി 8.30 മുതൽ 9. 30 വരെ കോൺഫ്രൻസ് ഹാളിൽ 'മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം- ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര' എന്ന പരിപാടിയിൽ ഇന്ത്യൻ ഇതിഹാസങ്ങളെക്കുറിച്ചും സംസ്‌കാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെക്കും. തന്റെ എഴുത്തിനെ നിർവചിക്കുന്ന പ്രമേയങ്ങൾ ജയമോഹൻ വിവരിക്കും. നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നിരൂപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജയമോഹൻ തമിഴിലും മലയാളത്തിലും ഒരു പോലെ  പോലെ മികച്ച കൃതികൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്.



deshabhimani section

Related News

View More
0 comments
Sort by

Home