ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിന് നേരെ ഇസ്രയേൽ ആക്രമണം: 28 പേർ കൊല്ലപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 05:49 PM | 0 min read

​ഗാസ സിറ്റി >  ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിന് നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്‌കൂളിന് നേരെയാണ്‌ വ്യോമാക്രമണം. ആക്രമണത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റു. യുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമാണ് റുഫൈദ സ്കൂൾ. ആയിരക്കണക്കിന് പലസ്തീൻ കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

അൽ-അഖ്‌സ ആശുപത്രി പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചികിത്സക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്തതിനാൽ സാഹചര്യം നേരിടാൻ ബുദ്ധിമുട്ടുകയാണെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഗുരുതരാമായ പൊള്ളലേറ്റവരെ പോലും ആശുപത്രിയുടെ തറയിൽ കിടത്തിയിരിക്കുകയാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. 

ഹമാസിന്റെ താവളങ്ങളിലൊന്നായിരുന്നു സ്കൂളെന്നും ആക്രമണത്തിനു മുൻപ് സാധാരണക്കാരായ ആളുകൾക്ക് അപകടം ഉണ്ടാകാതിരിക്കാൻ വ്യോമനീരീക്ഷണവും രഹസ്യാന്വേഷണവും ഉൾപ്പെടെ നടത്തിയിരുന്നുവെന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. ഇതേ വിശദീകരണത്തിന്റെ പുറത്ത് യുദ്ധം ആരംഭിച്ചതിന് ശേഷം ഡസൻകണക്കിന് അഭയാർഥി ക്യാമ്പുകൾക്കും സ്കൂളുകൾക്കും നേരെ ഇസ്രയേൽ ആക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളിലെല്ലാം കൊല്ലപ്പെട്ടവരിൽ അധികവും ഹമാസുമായി ഒരു ബന്ധവുമില്ലാത്ത കുട്ടികളും സ്ത്രീകളുമാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം നിരവധി സ്കൂളുകളിൽ ആക്രമണങ്ങൾ നടന്നു. ആ​ഗസ്ത് ഒന്നിന്  വടക്കൻ ഗാസ സിറ്റിയിലെ ദലാൽ അൽ-മുഗ്രാബി സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ആ​ഗസ്ത് മൂന്നിന് ഗാസ സിറ്റിയിലെ ഹമാമ സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ 16 പേർ മരിച്ചു. കഴിഞ്ഞ മാസം 11ന് സെൻട്രൽ ഗാസയിൽ ഐക്യരാഷ്ട്ര സംഘടന നടത്തുന്ന അൽ-ജവാനി സ്‌കൂളിൽ ഇസ്രയേൽ സേന ആക്രമണം നടത്തി. പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ ആറ് ജീവനക്കാരുൾപ്പെടെ 18 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

ഒരാണ്ട് പിന്നിട്ടിട്ടും ​ഗാസയിൽ ആക്രമണങ്ങൾ തുടരുന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതിഷേധമാണുയരുന്നത്. എന്നാൽ നിലപാടിൽ ഒരയവും വരുത്താൻ ഇസ്രയേൽ തയാറായിട്ടില്ല. ​ഗാസയിൽ സഹായവിതരണം ഉൾപ്പെടെ എത്തിക്കുന്നത് ഇസ്രയേൽ പരിമിതപ്പെടുത്തുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴ് മുതൽ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 42,065 പേർ കൊല്ലപ്പെടുകയും 97,886 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ​ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്കിൽ ചൂണ്ടിക്കാണിക്കുന്നത്. 902കുടുംബങ്ങളിലെ എല്ലാവരും കൊല്ലപ്പെട്ടു. കണക്കിൽപെടാത്ത നുറുകണക്കിന് പേരുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും പെട്ടുപോയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home